കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ വര്‍ഗീയത ആരോപിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രസ്താവനക്കെതിരെ സുപ്രഭാതം പത്രം മുഖപ്രസംഗം എഴുതിയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. മനസിൽ വർഗീയ ചിന്ത ഉള്ളത് കൊണ്ടാണ് മുസ് ലിം ലീഗിനെ വിമർശിക്കുന്നത് വർഗീയതയുടെ അനുരണനമാണെന്ന തരത്തിൽ സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്ന് ജയരാജൻ പറഞ്ഞു.

മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലുള്ളത്. അത്തരത്തിലുള്ള മുഖ്യമന്ത്രിയെയും സർക്കാറിനെയും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അമിത് ഷായുടെ ഭാഷയില്‍ ശുദ്ധ വര്‍ഗീയത വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയത്തിനതീതമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ലീഗിനെതിരെയാണെന്ന നിലപാടുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്.