X
    Categories: Culture

ചാരവൃത്തി അറസ്റ്റ്: ഒന്നര വര്‍ഷമായി സംഘം സജീവമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സൈനിക നീക്കം സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത സംഘം ഒന്നര വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമായിരുന്നതായി റിപ്പോര്‍ട്ട്.

പാക് ചാര സംഘടനയായ ഐ.എസ്.ഐയില്‍നിന്ന് ഇവര്‍ക്ക് പണം ലഭിച്ചതായും പൊലീസ് പറഞ്ഞു. 30,000ത്തിനും 50,000ത്തിനും ഇടയിലുള്ള തുകയാണ് ലഭിച്ചത്. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘമാണ് മൗലാനാ റംസാന്‍ ഖാന്‍, സുഭാഷ് ജാന്‍ഗിര്‍ എന്നിവരെ അറസ്റ്റു ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ പാക് എംബസി ഉദ്യോഗസ്ഥനായ മഹ്്മൂദ് അക്തര്‍ എന്നയാളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. നയതന്ത്ര പരിഗണന നിലനില്‍ക്കുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയും 48 മണിക്കൂറിനകം രാജ്യംവിടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ചാരവൃത്തിയില്‍ ഇരുവരുടെയും പങ്ക് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
അക്തര്‍ ആണ് റംസാന്‍ ഖാനെയും ജാന്‍ഗിറിനെയും ഐ. എസ്.ഐക്കു വേണ്ടി റിക്രൂട്ട് ചെയ്തത്. രാജസ്ഥാനിലെ നഗോര്‍ ജില്ലയിലെ പള്ളിയില്‍ പുരോഹിതനാണ് റാംസാന്‍ ഖാന്‍. മികച്ച പ്രാസംഗികനായ ഇയാള്‍ 50ഓളം കുട്ടികള്‍ക്ക് മതപഠനവും നല്‍കിയിരുന്നു. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണ് നഗോര്‍. പള്ളി പരിപാലനത്തിന് 2000 രൂപയും കുട്ടികളെ പഠിപ്പിക്കുന്നതിന് 3000 രൂപയുമാണ് വേതനമായി ലഭിച്ചിരുന്നത്.

മികച്ച വ്യക്തിത്വമുള്ളതിനാലും പള്ളിയില്‍ പുരോഹിതനായതിനാലും റംസാന്‍ ഖാന് ഏറെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. പ്രതിരോധസേനാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അക്തറിന്റെ നിര്‍ദേശപ്രകാരമാണ് റംസാന്‍ ഖാന്‍ അതിര്‍ത്തി പ്രദേശത്തെ പള്ളിയില്‍ പുരോഹിതനായി എത്തിയത്. അതിര്‍ത്തി പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര വിവരങ്ങള്‍ റംസാന്‍ഖാന് കൃത്യമായി അറിയാമായിരുന്നു. റംസാന്‍ ഖാന്‍ ആണ് ജാന്‍ഗിറിനെ ഐ. എസ്.ഐയിലേക്ക് റിക്രൂട്ട് ചെയ്തത്. പലവ്യഞ്ജന വ്യാപാരമായിരുന്നു ജാന്‍ഗിറിന്റെ തൊഴില്‍. റംസാന്‍ ഖാന് ഇയാളെ നേരത്തെതന്നെ പരിചയം ഉണ്ടായിരുന്നു. കച്ചവടം കുറവായതിനാല്‍ നഷ്ടം നേരിട്ടതോടെ റംസാന്‍ ഖാന്‍ സഹായവാഗ്ദാനം നല്‍കി ഇയാളെ ആകര്‍ഷിക്കുകയായിരുന്നു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിരോധ സേനയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും അക്കൗണ്ടുകളില്‍നിന്ന് പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

chandrika: