സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.