അഹമ്മദാബാദ്: പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനു നേരെയുള്ള സെക്‌സ് ടേപ്പ് വിവാദത്തില്‍ പ്രതികരണവുമായി പാര്‍ട്ടി നേതാവ് ദിനേഷ് ബംബാനിയ രംഗത്ത്. സെക്‌സ് ടേപ്പുകള്‍ക്കു പിറകില്‍ ഗുജറാത്തിലെ ബി.ജെ.പി നേതാക്കളാണെന്ന് ബംബാനിയ പറഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഗാനിയുമാണ് ഇതിനുപിന്നില്‍. ഇതിനെ നിയമപരമായി നേരിടുമെന്നും ബംബാനിയ പറഞ്ഞു. ഹാര്‍ദ്ദികിന് സ്ത്രീകളുടെ പിന്തുണയുണ്ട്. സെക്‌സ് ടേപ്പ് ആരോപണങ്ങളിലൂടെ ബി.ജെ.പി ഇത് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. 40കോടി രൂപ ചിലവിലാണ് സിഡികള്‍ നിര്‍മ്മിക്കുന്നത്. സൂററ്റില്‍ നിന്നുള്ള വിപുലിന്റേയും വ്യവസായിയായ ബിമല്‍ പട്ടേലിന്റേയും നേതൃത്വത്തിലാണ് ഗൂഢാലോചന. 52 സിഡികളാണ് ഇവര്‍ മോര്‍ഫ് ചെയ്തിരിക്കുന്നത്. അതില്‍ ഹാര്‍ദ്ദികുമായി ബന്ധപ്പെട്ട 22വീഡിയോകളുണ്ട്. അവ പുറത്തുവിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി. അവരുടെ തന്നെ പ്രവര്‍ത്തകരാണ് സെക്‌സ് ടേപ്പുകള്‍ക്ക് പിന്നിലെന്നും ഉപമുഖ്യമന്ത്രി നിതിന്‍പട്ടേല്‍ പറഞ്ഞു.