കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ട കൊലപാതകം സംബന്ധിച്ച് സി.പി.എമ്മിനെ തള്ളി പീതാംബരന്റെ കുടുംബം. പാര്‍ട്ടി അറിയാതെ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു വ്യക്തമാക്കി.

പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവികയും പറഞ്ഞു. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിയുകയാണ്. അച്ഛന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ദേവിക പറഞ്ഞു.