പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിന്റെ കുറ്റപത്രം ഉള്‍പ്പെടെ കേസിന്റെ കുറ്റപത്രമുള്‍പ്പെടെയുള്ള ബാക്കി ഫയലുകളും സിബിഐയ്ക്കു കൈമാറാന്‍ ജില്ലാ കോടതിയില്‍ നിന്ന് അയച്ചു. കേസിലെ മുഴുവന്‍ ഫയലുകളും എറണാകുളം സി.ബി.ഐ കോടതിക്ക് കൈമാറാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറും കുറ്റപത്രവും മറ്റ് രേഖകളുമാണ് സി.ബി.ഐ കോടതിക്ക് കൈമാറേണ്ടത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.

ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അനാസ്ഥ കാണിച്ചതോടെ ഹൈക്കോടതി വീണ്ടും ഇടപെടുകയും അന്വേഷണ ചുമതല സി.ബി.ഐയെ ഏല്‍പിക്കുകയും ചെയ്തു. മുഴുവന്‍ ഫയലുകളും സിബിഐക്കു കൈമാറിയ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്കു പരിഗണിക്കാനാവില്ല. െ്രെകംബ്രാഞ്ചാണു കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

പ്രാഥമികാന്വേഷണം ആരംഭിച്ച സി.ബി.ഐ ഇരട്ടക്കൊലക്കേസിന്റെ ഫയലുകള്‍ എറണാകുളം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെയാണ് ജില്ലാകോടതി കേസ് പരിഗണിച്ച ശേഷം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് അന്വേഷണം സെപ്റ്റംബര്‍ 30നു ഹൈക്കോടതി സിബിഐക്കു വിട്ടിരുന്നു. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്‌റ്റേ അനുവദിച്ചിട്ടില്ല. അതിനിടെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ്. അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. അതു സംബന്ധിച്ച തുടര്‍നടപടികള്‍ക്കായാണു െ്രെകംബ്രാഞ്ചിന്റെ കുറ്റപത്രവും എഫ്‌ഐആറും ഉള്‍പ്പെടെയുള്ള രേഖകള്‍ സിബിഐ ആവശ്യപ്പെട്ടത് എന്നാണു സൂചന. ഇതില്‍ വിധി വന്നാലേ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകൂ.