എറണാകുളം: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

കൊള്ള പലിശ സംഘത്തിന്റെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നും പറയുന്നു. മൂത്ത മകന്‍ ആദിത്യന്‍ പത്താം ക്ലാസിലാണ്. രണ്ടാമത്തെ മകന്‍ എട്ടാം ക്ലാസിലുമായിരുന്നു.

ബിജുവും കുടുംബവും ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ല. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്ന് ചുമരില്‍ എഴുതിയിട്ടുണ്ട്. കൊള്ള പലിശ സംഘത്തിന്റെ ഭീഷണി മൂലമാണ് തങ്ങള്‍ ജീവന്‍ ഒടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വിനിത എന്ന സ്ത്രീയും സഹോദരന്‍ വിനോദും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ ഉള്ളത്. പലിശ നല്‍കാത്തത് കാരണം ഇവര്‍ ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.