തിരുവന്തപുരം: പേട്ട സ്വദേശിനിയായ യുവതിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയരുന്നു. ഇതിന് പിന്നാലെ വൈകിട്ടോടെയാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണെന്നാണ് സ്വാമി പൊലീസിനു നല്‍കിയ മൊഴി. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേസ്റ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇരുപത്തിമൂന്നു വയസ്സുള്ള യുവതിയെ 17 വയസ്സു മുതല്‍ ഇയാള്‍ പീഢിപ്പിച്ചിരുന്നതായാണു മൊഴി. യുവതിയുടെ അമ്മ പീഢനത്തിന് ഒത്താശ ചെയ്തിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സ്വാമിക്കെതിരെയും പീഢനത്തിന് ഒത്താശ ചെയ്ത യുവതിയുടെ അമ്മക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പീഢനം തടയാന്‍ ശ്രീഹരിയുടെ ലിംഗം ഛേദിച്ച യുവതിക്ക് ആവശ്യമെങ്കില്‍ നിയമസഹായം ലഭ്യമാക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സമ്മര്‍ദ്ദം അതിജീവിക്കാനാവാശ്യമായ സഹായങ്ങളും യുവതിക്ക് ലഭ്യമാക്കും.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. യുവതിയുടെ നടപടി ഉദാത്തവും ധീരവുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പ്രതിക്ക് ആശ്രമവുമായി ബന്ധമില്ലെന്ന് കൊല്ലം ആശ്രമം അധികൃതര്‍ അറിയിച്ചു. 15 വര്‍ഷം മുന്‍പ് ആശ്രമം വിട്ടയാളാണ് സ്വാമി. ആശ്രമത്തില്‍ പലരും വന്നു താമസിക്കാറുണ്ട്. അത്തരത്തില്‍ ഇയാളും ഇവിടെ എത്തിയതാകാമെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം അരങ്ങേറിയത്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ പൂജകള്‍ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. വെള്ളിയാഴ്ച ഇയാള്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കത്തി കരുതി വെക്കുകയും പതിവുപോലെ ലൈംഗികാതിക്രത്തിനു മുതിര്‍ന്നപ്പോള്‍ ജനനേന്ദ്രിയും മുറിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആസ്പത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആസ്പത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.