X
    Categories: MoreViews

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം; ഉത്തരംമുട്ടി പിണറായി

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എന്നാല്‍ കേസിലെ സുപ്രീം കോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും ഇവിടെ നീതിയാണ് നടപ്പായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എന്നാല്‍, സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനപൂര്‍വം വൈകിക്കുകയാണെന്നും ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച എം.ഉമ്മര്‍ എംഎല്‍എ ആരോപിച്ചു.

അതേസമയം, ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിച്ചതുമുതല്‍ വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും സുപ്രീംകോടതി വിധി അന്തിമമാണെന്നും പിണറായി സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ 8 ദിവസമായി ഒളിച്ചുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് ഇപ്പോള്‍ ഡിജിപി ആരാണെന്ന ചോദ്യവുമായി ചെന്നിത്തല രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സഭയില്‍വച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ചോദിത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ, ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ, പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരും ടി.പി സെന്‍കുമാറും തമ്മിലെ പോരാട്ടത്തിന് അയവ് വരാനാണ് സാധ്യത. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍നിന്ന് അദ്ദേഹം ഇന്നലെ നാടകീയമായി പിന്‍മാറിയിരുന്നു.

chandrika: