മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്തെതിയത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ് സര്‍വകലാശാലകളുടെ സര്‍വാധികാരിയായ ഗവര്‍ണറെ നോക്കുകുത്തിയാക്കി പിണറായി വിജയന്‍ നടത്തുന്ന ക്രമക്കേടുകള്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പൊതു സമൂഹത്തിന്റെ ശബ്ദം ഈ വിഷയത്തില്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനുള്ള സി.പി.ഐ.എമ്മിന്റെ ശ്രമങ്ങളെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ. സുധാകരന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ രൂപം

‘സര്‍വ്വകലാശാലകളുടെ സര്‍വ്വാധികാരിയായ ഗവര്‍ണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയന്‍ നടത്തുന്ന ക്രമക്കേടുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ് ‘
രാജീവ്, രാഗേഷ്, ബിജു, ഷംസീര്‍ ,രാജേഷ്…
സിപിഎമ്മിന്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സര്‍വ്വകലാശാലകളില്‍ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ. ഈ പട്ടികയില്‍ ഇടം നേടാനാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പിണറായി വിജയന്റെ അഴിമതികള്‍ക്കെതിരെ ചെറുശബ്ദം പോലുമുയര്‍ത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നത്.
കുട്ടി സഖാക്കളുടെ മേശവിരിപ്പില്‍ വരെ സര്‍വ്വകലാശാലകളുടെ ഉത്തരക്കടലാസുകള്‍ എത്തുന്ന വഴികളാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. യാതൊരു നിലവാരവുമില്ലാത്ത പല ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പോലും പേരിന്റെ മുന്നില്‍ ചേര്‍ക്കാന്‍ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ട്.
പാര്‍ട്ടി ബന്ധുക്കള്‍ക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഈജിയന്‍ തൊഴുത്തായി സര്‍വ്വകലാശാലകള്‍ മാറിയിരിക്കുന്നു. നാടിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണം.