മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന സിപിഎമ്മിനെതിരെ പി.കെ ബഷീര്‍ എംഎല്‍എ. ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാല്‍ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതേണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേല്‍ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ക്കറിയാം-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി പി എമ്മിന് കുഞ്ഞാലിക്കുട്ടി സാഹിബിനോടുള്ള വിരോധം മനസിലാക്കാം. വ്യവസായികളെ തല്ലി ഓടിച്ചും, കംപ്യൂട്ടറിനെതിരെ വിപ്ലവ സമരം നടത്തിയും കേരളത്തിനെ 18-)ം നൂറ്റാണ്ടിലേക്ക് നയിച്ചിരുന്ന സഖാക്കളുടെ മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് വ്യവസായ-ഐ ടി വിപ്ലവത്തിന് തുടക്കം കുറിച്ച ജനനായകനാണ് മുസ്ലിം ലീ​ഗിന്റെ പ്രിയങ്കരനായ നേതാവ്. ഇന്ന് അതേ ഐ ടി വിപ്ലവത്തിന്റെ അനന്തരഫലമായി ലഭിച്ച സൗകര്യങ്ങൾ ഉപയോ​ഗിച്ച് അദ്ദേഹത്തിനെതിരെ ഒളിയുദ്ധവും, പാർട്ടി ചാനലും, പത്രവും ഉപയോ​ഗിച്ച് അപകീർത്തിപ്പെടുത്തലും തുടരുകയാണ്. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ.
ഇന്ന് വരെ തന്നെ അത്രയധികം ദ്രോഹിച്ച രാഷ്ട്രീയ എതിരാളികളെപ്പോലും മാന്യത വിട്ടോ, വ്യക്തിപരമായോ വിമർശിക്കാത്ത ഒരു വ്യക്തിക്കെതിരെയാണ് നിങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നെയ്ത് വിടുന്നത്. കേരള സമൂഹം ഇത് കണ്ണും, കാതും കൂർപ്പിച്ച് വിലയിരുത്തുന്നുണ്ട്. ഇതെല്ലാം വിശുദ്ധ ​ഗ്രന്ഥം പോലും രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ദുരുപയോ​ഗം ചെയ്യുന്ന ഒരാൾക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോഴാണ് സി പി എമ്മിനോട് സഹതാപം.
ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേൽ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയാം.