അബുദാബി: ഇന്നലെ നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ അമ്പയറിങ്ങിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അമ്പയര്‍ക്ക് നല്‍കണമെന്നും വിരേന്ദര്‍ സെവാഗ് ആവശ്യപ്പെട്ടു. മത്സരത്തിന്റെ 19ാം ഓവറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അര്‍ഹിച്ച ഒരു റണ്‍ അമ്പയര്‍ നിഷേധിച്ചതാണ് അമ്പയര്‍മാര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കാന്‍ സേവാഗിനെ പ്രേരിപ്പിച്ചത്.

കാഗിസോ റബാഡയുടെ പന്തില്‍ അഗര്‍വാള്‍ 2 റണ്‍സ് നേടിയെങ്കിലും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഉണ്ടായിരുന്ന ക്രിസ് ജോര്‍ഡന്‍ ക്രീസില്‍ എത്തിയില്ലെന്ന കാരണം പറഞ്ഞ് അമ്പയര്‍ നിതിന്‍ മേനോന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഒരു റണ്‍സ് നിഷേധിക്കുകയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ റിപ്ലേയില്‍ ജോര്‍ഡന്‍ ക്രീസില്‍ എത്തിയതായി കാണിക്കുകയും ചെയ്തിരുന്നു.
മത്സരത്തില്‍ ഈ ഒരു റണ്‍ നിര്‍ണായകമാവുകയും സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിക്കുകയും ചെയ്തിരുന്നു.