കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പി.വി അൻവർ എം.എൽ.എയുടെ തുറന്ന കത്ത് കിട്ടി. പാലാരിവട്ടം പാലത്തിന്റെ അഴിമതിയെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്നാണ് ബൽറാമിനോടും ഷാഫിയോടും എന്നോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ഞങ്ങളുടെ നിലപാട് വരാത്തത് കൊണ്ടാണ് അഴിമതിക്കാർക്കെതിരെ നടപടി എടുക്കാത്തത് എന്ന് സത്യമായിട്ടും അറിഞ്ഞില്ല. ഉണ്ണീ ആരും പറഞ്ഞില്ല!!!

പ്രിയപ്പെട്ട എം.എൽ.എ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയല്ല പിണറായി വിജയനാണ്. നിലമ്പൂരിലും പൊന്നാനിയിലും അങ്ങേക്ക് നൽകിയത് പേമെന്റ് സീറ്റാണെന്ന ആരോപണത്തിന്റെ വസ്തുത എന്തായാലും സീറ്റ് നൽകിയത് പിണറായി വിജയനാണെന്ന് അങ്ങ് പോലും സമ്മതിക്കുമല്ലോ! ആ ബന്ധം വെച്ച് ഇക്കേസിലെങ്കിലും അഴിമതിക്കാർക്കെതിരെ കർശന നടപടി എടുക്കാൻ അദ്ദേഹത്തോട് പറയണം.

ഒരു കാര്യം കൂടി. 
കശുവണ്ടി അഴിമതിക്കേസ് ഒതുക്കിയത് പോലെയോ ബ്രുവെറി-ഡിസ്റ്റലറി അഴിമതിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ അന്വേഷണം നടത്താതിരുന്നത് പോലെയോ ബന്ധു നിയമന പരാതിയിൽ മന്ത്രിമാരായ കെ.ടി ജലീലിനെതിരെയും എ.കെ ബാലനെതിരെയും യൂത്ത് ലീഗ് നൽകിയ പരാതി പൂഴ്ത്തി വെച്ചത് പോലെയോ പാലാരിവട്ടം അഴിമതിക്കേസും ആവരുത്. ആയതിന് താങ്കൾ മുൻകയ്യെടുക്കണം. നിലമ്പൂരിലെ മേഘങ്ങൾ അങ്ങ് ജപ്പാൻ വരെ എത്തിക്കാൻ സാധിച്ച അങ്ങേക്ക് ഇതൊക്കെ നിഷ്പ്രയാസം സാധിക്കുമെന്ന് അറിയാഞ്ഞിട്ടല്ല. ഇതിനൊക്കെ സമയം കിട്ടുമോ എന്ന ആശങ്ക മാത്രമേ ഉള്ളൂ. ഭൂമി കയ്യേറ്റത്തിനിടയിലും കോടതി പൊളിക്കാൻ പറഞ്ഞ തടയണ പൊളിച്ചു തീർക്കുന്നതിനിടയിലും അഴിമതിക്കെതിരെയുള്ള ‘ജുദ്ധത്തിന്’ കൂടി സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം
പി.കെ ഫിറോസ്