തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ ഓരോ ദിവസം കഴിയുന്തോറും താഴേക്ക് പോകുകയാണെന്നും നേരത്തെ അവര്‍ അവകാശപ്പെട്ട മേല്‍ക്കൈ ഇപ്പോഴില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ ഫലം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വേഫലം യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ഫലത്തില്‍ സര്‍വേ യു.ഡി.എഫിന് അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 9095 സീറ്റിന്റെ ലീഡ് അവകാശപ്പെട്ട എല്‍.ഡി.എഫിന് ഏഷ്യാനെറ്റ് സര്‍വേ അത്രയും നല്‍കുന്നില്ല. ഇടതുമുന്നണിയുടെ നില അനുദിനം മോശമാകുന്നെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെയും നിരാഹാരമനുഷ്ഠിക്കുന്ന എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ് ശബരീനാഥനെയും സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അഭിവാദ്യമര്‍പ്പിച്ചു. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരിനെതിരായ ജനരോഷം ശക്തമാണെന്നും അത് തിരിച്ചറിയാത്തത് ഇടതുമുന്നണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.