ഇതാദ്യമായല്ല ഒരു ഫുട്‌ബോള്‍ ക്ലബ്ബ് വിമാനാപകടത്തില്‍ പെടുന്നത്. ഫുട്‌ബോള്‍ ടീമുകള്‍ ദുരന്തത്തില്‍ അകപ്പെട്ട പ്രധാനന സംഭവങ്ങള്‍ ഇവയാണ്.

1949ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് ടൊറീനൊയുടെ കളിക്കാര്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും ബെന്‍ഫിക്കയുമായുള്ള മത്സരം കഴിഞ്ഞ് മടങ്ങവെ സൂപ്പര്‍ഗ പര്‍വതത്തില്‍ വിമാനം തകര്‍ന്നു വീണ് 18 ടീമംഗങ്ങള്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 31 പേരും മരിച്ചു. ടൊറീനോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരേയാണ് അന്ന് നഷ്ടമായത്.

1958ല്‍ യൂറോപ്യന്‍ ഗെയിം കഴിഞ്ഞ് യൂഗോസ്ലാവിയയിലെ ബല്‍ഗ്രേഡില്‍ നിന്നും മടങ്ങുകയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ജര്‍മ്മനിയിലെ മ്യൂണികിലുള്ള റീം വിമാത്താവളത്തില്‍വെച്ച് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമറിഞ്ഞ് അപകടത്തില്‍ പെട്ടിരുന്നു. ജഫ് ബെന്റ്, രോജര്‍ ബെയന്‍, എഡീ കോള്‍മാന്‍, മാര്‍ക് ജോണ്‍സ്, ഡേവിഡ് പെഗ്, ടോമി ടെയ്‌ലര്‍, ലയാം ബില്ലി, ഡങ്കന്‍ എഡ്വാര്‍ഡ് തുടങ്ങി 20 താരങ്ങളേയാണ് അന്നു നഷ്ടമായത്.

1960 റോം ഒളിംപിക് ഗെയിംസിനായുള്ള ഡെന്‍മാര്‍ക് ടീമിന്റെ സെലന്‍ ട്രയല്‍സില്‍ പങ്കെടുത്ത ശേഷം മടങ്ങിയ എട്ട് താരങ്ങള്‍ കോപന്‍ഹേഗന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ ഒര്‍സുണ്ട് പര്‍വതത്തില്‍ വിമാനം തകര്‍ന്ന് മരണത്തിനു കീഴടങ്ങി. ഇതേ ഒളിംപിക്‌സില്‍ ഡെന്‍മാര്‍ക് വെള്ളിമെഡല്‍ നേടുകയും ചെയ്തു.

1969 ബൊളീവിയന്‍ ക്ലബ്ബായ ദ സ്‌ട്രോങസ്റ്റിന്റെ കളിക്കാരടക്കം 78 പേര്‍ ലാപാസിനു സമീപം സാന്തക്രൂസിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.

1979 സോവിയറ്റ് ലീഗില്‍ ഡൈനാമോ മിന്‍സ്‌കുമായുള്ള മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന റഷ്യന്‍ ടീം പക്തകോര്‍ താഷ്‌കന്റിന്റെ 17 കളിക്കാരും കോച്ചിങ് സ്റ്റാഫുമടക്കം 178 പേര്‍ ഉക്രൈനിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.

1987 പുകല്ലാപയില്‍ നിന്നും മത്സരം കഴിഞ്ഞു മടങ്ങവെ പെറു ലീഗിലെ ഒന്നാം സ്ഥാനക്കാരായിരുന്നു അലിയന്‍സ് ലിമയുടെ 16 കളിക്കാരും ഒഫീഷ്യല്‍സും അടക്കം 43 പേര്‍ ലിമ എയര്‍പോര്‍ട്ടിനു സമീപമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.

1989 ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട സുരിനാം എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് ഡച്ച് ക്ലബ്ബായ സുരിനാമീസിന്റെ 14 കളിക്കാരടക്കം 176 പേര്‍ കൊല്ലപ്പെട്ടു.

1993 സാംബിയന്‍ എയര്‍ഫോഴ്‌സിന്റെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു സാംബിയയുടെ ദേശീയ കളിക്കാരായ 18 പേരടക്കം വിമാനത്തിലുണ്ടായിരുന്ന 30 പേരും കൊല്ലപ്പെട്ടു. സെനഗലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനായി പുറപ്പെട്ടതായിരുന്നു സാംബിയന്‍ ടീം. 2012ല്‍ വിമാന ദുരന്തമുണ്ടായ സ്ഥലത്തിനും ഏതാനും കിലോമീറ്ററുകള്‍ അകലെ വെച്ചു നടന്ന ഫൈനലില്‍ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി സാംബിയ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കിയിരുന്നു.