തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പര്‍ വിവാദം കെട്ടടങ്ങും മുമ്പേ സര്‍ക്കാറിലെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി പരാതി.

21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലാണ് മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് വന്നത്. 42 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് അസ്വാഭാവികമാം വിധം ആവര്‍ത്തിച്ചിരിക്കുന്നത്.

ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ തയാറാക്കിയത്. എസ്.എസ്.എല്‍.സി പരീക്ഷ ചോദ്യപേപ്പര്‍ വിവാദമായതിനെത്തുടര്‍ന്ന് ഗണിതം പരീക്ഷ 30ന് മാറ്റി നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ സെക്രട്ടറയേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. ഇത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് പ്ലസ് വണ്‍ ചോദ്യപേപ്പറില്‍ കൂടി ആവര്‍ത്തനം കണ്ടെത്തുന്നത്.