റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്‍ ആവശ്യപ്പെടുന്ന കിഴക്കന്‍ ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്‍ അന്താരാഷ്ട്ര പ്രതിഷേധം നിലനില്‍ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു.

വെള്ളിയാഴ്ച ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്‍ദ്ദാന്‍ രാജാവ് അനുവദിച്ച പ്രത്യേക ഹെലികോപ്റ്ററിലാണ് റാമല്ലയില്‍ എത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലെ അകലം കുറക്കാനാണ്, ഇസ്രാഈല്‍ ചെക്‌പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ മോദി ജോര്‍ദ്ദാന്‍ വഴി റാമല്ലയില്‍ എത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ജോര്‍ദ്ദാനില്‍നിന്ന് റാമല്ലയിലേക്കുള്ള വ്യോമയാത്രയില്‍ മോദിക്ക് അകമ്പടി സേവിച്ചത് മൂന്ന് ഇസ്രാഈല്‍ സൈനിക ഹെലികോപ്റ്ററുകള്‍ ആയിരുന്നു.

ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജോചിത സ്വീകരണമാണ് ഫലസ്തീന്‍ ജനതയും ഭരണകൂടവും മോദിക്ക് നല്‍കിയത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം മഹ്മൂദ് അബ്ബാസ് മോദിക്കു സമ്മാനിച്ചു.

”ഫലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണ തകര്‍ക്കാനാവാത്തതും അചഞ്ചലവുമാണെന്നും അതിന് തെളിവാണ് തന്റെ റാമല്ല സന്ദര്‍ശനമെന്നും മോദി പറഞ്ഞു. യാസര്‍ അറാഫാത്് മഹാനായ നേതാവും ഇന്ത്യന്‍ ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അരക്ഷിതാവസ്ഥയും അസ്ഥിരതയും മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഫലസ്തീന്‍ രാഷ്ട്ര നിര്‍മിതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ദീര്‍ഘകാല പങ്കാളിയാണ്. റാമല്ലയിലെ ടെക്‌നോളജി പാര്‍ക്ക് ഉള്‍പ്പെടെ ഇന്ത്യ സാമ്പത്തിക നിക്ഷേപം നടത്തിയ പദ്ധതികള്‍ മോദി എടുത്തു പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫലസ്തീന്‍ ജനതക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ നിക്ഷേപം നടത്തും” മോദി പറഞ്ഞു.

ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജോയിന്റ് കമ്മീഷന്‍ തല യോഗം ചേരാന്‍ തീരുമാനിച്ചതായും കൂടിക്കാഴ്ചക്കു ശേഷം മഹ്മൂദ് അബ്ബാസിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞു. യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ പരിധി 50ല്‍നിന്ന് 100 ആയി ഉയര്‍ത്തും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്നും അതിനുവേണ്ടിയുള്ള പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയമായും തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സംയുക്ത അഭിസംബോധനയില്‍ മഹ്മൂദ് അബ്ബാസ് അനുസ്മരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനികള്‍ക്ക് എക്കാലത്തും കുലീനതയും അന്തസ്സുമുള്ള പദവി തന്നിട്ടുള്ള ഇന്ത്യയെ കടപ്പാട് അറിയിക്കുന്നുവെന്നും മഹ്്മൂദ് അബ്ബാസ് പറഞ്ഞു.

മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ധരിപ്പിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇതില്‍ വിജയിച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര രാഷ്ട്രമെന്ന 1967 മുതലുള്ള സ്വപ്‌നങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞ മഹ്മൂദ് അബ്ബാസ് ഇന്ത്യാ-ഫലസ്തീന്‍ സൗഹൃദം നീണാള്‍ വാഴട്ടെയെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.

ഫലസ്തീനിലെ റോമന്‍, ലത്തീന്‍ കത്തോലിക്കാ സഭാ മേധാവികളും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും മോദിയെ സ്വീകരിക്കാന്‍ റാമല്ലയില്‍ എത്തിയിരുന്നു. മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റാമല്ലയില്‍ എത്തിയതെന്ന് റോമന്‍ കത്തോലിക്കാ സഭാ മേധാവി ജിയാസിന്റോ ബോലുസ് മാര്‍കൂസോ പറഞ്ഞു.

റാമല്ലയില്‍ എത്തിയ മോദിക്ക് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓണര്‍ നല്‍കി. തുടര്‍ന്ന് പ്രസിഡണ്ടിന്റെ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള യാസര്‍ അറാഫാതിന്റെ ഖബറിടം സന്ദര്‍ശിച്ച മോദി ഇവിടെ ഒലീവ് ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റാമല്ലയില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന പുതിയ നയതന്ത്ര പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 4.5 ദശലക്ഷം യു.എസ് ഡോളര്‍ ഈ കേന്ദ്രത്തിനായി ഇന്ത്യ ഇതിനകം അനുവദിച്ചിട്ടുണ്ട്.