ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പരിഹസിച്ചു.
നീരവ് മോദിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ് 1.76 ലക്ഷം കോടിയുടെ ടുജി അഴിമതി നടത്തിയെന്ന് മോദി എല്ലാദിവസവും പറയാറുണ്ട്. അതൊരു ഊഹക്കണക്കാണ്. അഴിമതി നടന്നിട്ടില്ലെന്ന് പിന്നീട് കോടതി വ്യക്തമാക്കുകയും ചെയ്തു.
അതേ സമയം വജ്രവ്യാപാരി നീരവ് മോദിയുടേയും റോട്ടാമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയുടെയും വായ്പാ തട്ടിപ്പ് യാഥാര്‍ത്ഥ്യമാണ് എന്നിട്ടും ഈ വിഷയത്തില്‍ എന്തു കൊണ്ട് മോദി മൗനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ കാവലില്‍ ഇത്രയേറെ തട്ടിപ്പുകള്‍ നടക്കുന്നത് എങ്ങിനെയെന്ന് അദ്ദേഹം വിശദീകരിക്കണം. രാജ്യം വിട്ട തട്ടിപ്പുകാര്‍ക്കെല്ലാം ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു. പി.എന്‍.ബി തട്ടിപ്പില്‍ മോദിയെ വിമര്‍ശിച്ച് നേരത്തെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
My press conference today on the PNB https://t.co/eHcTAgHss8
— Kapil Sibal (@KapilSibal) February 24, 2018
യു.പി.എയുടെ കാലത്താണ് പി.എന്‍.ബി തട്ടിപ്പ് നടന്നതെന്നായിരുന്നു നേരത്തെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തട്ടിപ്പ് നടന്നത് 2017-18ലാണെന്ന് സി.ബി.ഐ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Be the first to write a comment.