kerala

പിഎം ശ്രീ; ധാരണാപത്രം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സിപിഐ

By webdesk17

October 26, 2025

പിഎം ശ്രീയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ നിലപാട് ഇനി നിര്‍ണായകമാകും. വിദേശ പര്യടനത്തിനുശേഷം ഇന്ന് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. പദ്ധതിയില്‍ എന്തുകൊണ്ട് ഒപ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനായിരിക്കും മുഖ്യമന്ത്രിയുടെ ശ്രമം.

അതേസമയം, നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തില്‍ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയേയും അറിയിക്കും. ഒത്തുതീര്‍പ്പായില്ലെങ്കില്‍ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും സ്വീകരിക്കുക.

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിലെ പ്രതിഷേധത്തില്‍ നിന്നും പിന്നോക്കം പോകരുതെന്ന നിലപാടിലാണ് സിപിഐ ദേശീയ നേതൃത്വം. ജനറല്‍ സെക്രട്ടറി ഡി.രാജ നേരില്‍ കണ്ടിട്ടും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പുലര്‍ത്തിയ നിസഹായ നിലപാടിലും സിപിഐയ്ക്ക് എതിര്‍പ്പുണ്ട്. സിപിഐയുടെ വിയോജിപ്പ് ജനങ്ങളോട് തുറന്ന് പറയണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. ഇടത് പാര്‍ട്ടികള്‍ക്കിടയിലെ ഐക്യത്തിന്റെ ഭാഗമായി അഭ്യന്തര വിമര്‍ശനം മാത്രംപോരെന്ന് ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടികാട്ടുന്നു. ബംഗാള്‍ അനുഭവത്തില്‍ നിന്നും കേരളം പാഠം പഠിക്കണമെന്നതാണ് അമര്‍ജിത്കൗര്‍ ഉള്‍പ്പെടെ ദേശീയനേതാക്കളുടെ നിലപാട്.