ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതി, ഭര്‍ത്താവ് ശൈലേഷ് കുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ്  ഡല്‍ഹി കോടതി മുമ്പാകെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം ഒന്നിനു പിന്നാലെ മറ്റൊന്നായി കുറ്റപത്രം സമര്‍പ്പിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നടപടിയെ പ്രത്യേക കോടതി ജഡ്ജി എന്‍.കെ മല്‍ഹോത്ര വിമര്‍ശിച്ചു. കേസില്‍ വിചാരണ ആരംഭിക്കുന്നത് അന്വേഷണ ഏജന്‍സി തന്നെ വൈകിപ്പിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
വിചാരണ ആരംഭിക്കാന്‍ കഴിയുമോ, അതോ നിങ്ങള്‍ വീണ്ടും പുതിയ പരാതികള്‍ നല്‍കുമോ? ഒരു കേസില്‍ നിങ്ങള്‍ എത്ര അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും? മുന്‍നിര അന്വേഷണ ഏജന്‍സിയായ നിങ്ങള്‍ ഈ രീതിയില്‍ പെരുമാറരുത്. ഇത് അപൂര്‍ണമായ പരാതിയാണ്- ജഡ്ജി കുറ്റപ്പെടുത്തി. ഇന്നലെ സമര്‍പ്പിച്ചതടക്കം ഒരേ കേസില്‍ മൂന്ന് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.