16കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പോക്‌സോ കോടതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കോടതി കണ്ടെത്തി. സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. ആദ്യം നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു.

അതേസമയം, പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തു. രണ്ടാം വിവാഹത്തിന് ഇയാളുടെ ആദ്യ ഭാര്യ സമ്മതിക്കും എന്നതിനു തെളിവില്ലെന്നാണ് പൊലീസ് വാദിച്ചത്. വരുംവരായ്കകള്‍ അറിയാത്ത കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നു എന്നും ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന വാഗ്ധാനം നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.