റിയാസ് കെ.എം.ആര്‍

കൊച്ചി: മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മൂന്ന് സൂപ്പര്‍ മെഗാ ഹിറ്റുകള്‍ സമ്മാനിച്ച അജയ് വാസുദേവ് നാലാമതായി സംവിധാനം ചെയ്യുന്ന സിനിമ ‘നാലാം തൂണ്‍’ പ്രഖ്യാപിച്ചു. സിനിമയുടെ പൂജയും നടന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി യുവതാര നിരയാണ് അജയ് വാസുദേവിന്റെ പുതിയ സിനിമയില്‍ അണി നിരക്കുന്നത്. യുവ സൂപ്പര്‍ താരവും ഒരു ദേശീയ അവാര്‍ഡ് ജേതാവും പ്രധാന വേഷങ്ങളിലെത്തുമെന്നാണ് വിവരം.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ‘നാലാം തൂണ്‍’ നിര്‍മ്മിക്കുന്നത്. ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സംവിധായകന്‍ അജയ് വാസുദേവ് ‘ചന്ദ്രിക’യോട് പറഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ‘നാലാം തൂണ്‍’ അണിയറയില്‍ ഒരുങ്ങുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. മമ്മൂട്ടിയെ നായകനാക്കി ചെയ്ത . മെഗാ ഹിറ്റ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ഷൈലോക്ക് ആണ് അജയ് ഇതിന് മുമ്പ് സംവിധാനം ചെയ്ത സിനിമ. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നിവയാണ് മമ്മൂട്ടി അജയ് കൂട്ടുകെട്ടില്‍ പിറന്ന മറ്റു മെഗാ ഹിറ്റ് ചിത്രങ്ങള്‍. ഷൈലോക്കിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നാലാം തൂണിലും പ്രവര്‍ത്തിക്കുന്നത്.

ഗോപി സുന്ദര്‍ സംഗീതവും രെണദിവെ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. റിയാസ് കെ ബദര്‍ എഡിറ്റിംഗും രഞ്ജിത്ത് അമ്പാടി മേക്കപ്പും അജിത്ത് എ ജോര്‍ജ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കും. സിദ്ദു പനക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സേതു അടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കുടമാളൂര്‍ രാജാജി. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ മനീഷ് ബാലകൃഷ്ണന്‍, ഉനൈസ്,ജോമി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി രണ്ടാം വാരം എറണാകുളത്ത് ചിത്രീകരണം തുടങ്ങും. സിനിമയുടെ താരനിര അടക്കമുള്ള മറ്റു വിശേഷങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അജയ് വാസുദേവ് വ്യക്തമാക്കി.