പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴില്‍ നിന്നടക്കം നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടേത് മുതല്‍ തമിഴിലെ പുതുതലമുറ കഥാകാരി രാജാത്തി സല്‍മയുടെ കൃതികള്‍ വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി.

സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു അദ്ദേഹം. 1996ല്‍ ‘ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ആറ്റിക്കുറുക്കിയ വരികളില്‍, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതി ആറ്റൂര്‍ രവിവര്‍മ്മ. തൃശ്ശൂരിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്‍ പിന്നീട് അധ്യാപകനായി. വിവിധ കോളേജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം തൃശ്ശൂരില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.