പിലിബിത്ത്: പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഈ പെണ്‍കടുവ ഒമ്പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. പിലിബിത്തിന് സമീപത്തെ ദേവൂരിയ ഗ്രാമത്തില്‍ നിന്നും കടുവയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ ഗ്രാമീണര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ പിലിബിത്ത് ടൈഗര്‍ റിസര്‍വ്വിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സായ പെണ്‍കടുവയാണ് ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണ വിവരമറിഞ്ഞ് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കടുവയ്ക്ക് ചികിത്സ നല്‍കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.

സംഭവത്തില്‍ 31 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കടുവയുടെ ഭൂരിഭാഗം വാരിയെല്ലുകളും ശ്വാസകോശവും തകര്‍ന്ന നിലയിലായിരുന്നു. കാലുകളിലെ എല്ലുകളും തകര്‍ന്നിരുന്നു. ശരീരത്തിലുടനീളം മൂര്‍ച്ചയേറിയ വസ്തുക്കള്‍ക്കൊണ്ട് കുത്തേറ്റ നിലയിലാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കടുവയുടെ മൃതദേഹം സംസ്‌കരിച്ചു.