കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയതിന് സംഘപരിവാര്‍ ചാനലായ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു. മരുമകള്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജ വാര്‍ത്ത നല്‍കിയെന്ന് കാണിച്ച് സി.പി.എം മുന്‍ ആലുവ ഏരിയ കമ്മിറ്റിയംഗവും മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരി മുകള്‍ തേജസില്‍ റഹീമിന്റെ ഭാര്യ ശശികല നല്‍കിയ പരാതിയിലാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്.

ശശികല റഹീമിന്റെ ഇളയ മകന്റെ ഭാര്യ സുമേഖാ തോമസ് ഉള്‍പ്പെടെ മൂന്ന് പേര്‍ ശബരിമലയില്‍ ദര്‍ശനത്തിന് പോവുന്നുണ്ടെന്നും ഇവരെ സ്വീകരിക്കാന്‍ ശശികലാ റഹീം പമ്പയില്‍ എത്തുമെന്നുമായിരുന്നു ജനം ടിവിയുടെ വ്യാജ വാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. വാര്‍ത്തക്ക് പിന്നാലെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പൂകളിലാകെ ഇവര്‍ക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവും നിറഞ്ഞു. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചും മറ്റ് ഗ്രൂപ്പുകളില്‍ ലോഗോ മറച്ചുവെച്ചുമായിരുന്നു പ്രചരണം.

സത്യാവസ്ഥ അറിയാന്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ശശികല റഹീം വാര്‍ത്ത അറിയുന്നത്. നട്ടെല്ലിന് തേയ്മാനം സംഭവിച്ച് രണ്ടു വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണ് താനെന്നും വിശ്വാസിയല്ലാത്ത താന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും ഫേസ്ബുക്ക് ലൈവില്‍ ഇവര്‍ പറഞ്ഞതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായത്. വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ബന്ധുവായ ബിജെപി നേതാവാണെന്ന് ശശികലയുടെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു. വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും തെറ്റായ വാര്‍ത്ത തിരുത്താനോ തെറ്റ് പറ്റിയെന്ന് സമ്മതിക്കാനോ ചാനല്‍ തയ്യാറായിരുന്നില്ല.

മനപ്പൂര്‍വം ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് ഐ.പി.സി 153 പ്രകാരമാണ് ജനം ടിവിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എടത്തല പൊലീസ് പറഞ്ഞു. വാര്‍ത്ത പ്രചരിക്കുമ്പോള്‍ ശശികല റഹീം എടത്തലയിലെ വീട്ടിലും സുരേഖ തോമസ് തൊടുപുഴയിലെ വീട്ടിലുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച വൈകിട്ടാണ് ശശികല റഹീം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തുടര്‍ നടപടികള്‍ ഉടനെയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു. വ്യാജ വാര്‍ത്തയെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് വധഭീഷണിയുള്ളതിനാല്‍ ശശികലയുടെ കുടുംബത്തിന് നേരത്തെ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.