തിരുവനന്തപുരം: നോട്ടു പ്രതിസന്ധിക്കിടയില്‍ ആഢംബര വിവാഹം നടത്തിയ വിവാദ മദ്യ വ്യവസായി ബിജുരമേശിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ബിജുരമേശിന്റെ കോട്ടക്കകത്തെ ഓഫീസിലും വീട്ടിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

മുന്‍മന്ത്രിയും എം.എല്‍.എയുമായ അടൂര്‍ പ്രകാശിന്റെ മകനുമായുള്ള ബിജുരമേശിന്റെ മകളുടെ വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. വിവാഹത്തിന് ചിലവായ പണത്തിന്റെ കണക്കും പണത്തിന്റെ ഉറവിടവും തേടിയായിരുന്നു പരിശോധന. വിവാഹത്തിനായി കോടികള്‍ ചിലവഴിച്ചൊരുക്കിയ പന്തല്‍ നിര്‍മാണത്തിന്റെ വിശദാംശങ്ങളും പന്തല്‍ കോണ്‍ട്രക്ടറന്മാരുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിക്കെത്തിയ ഉദ്യോഗസ്ഥര്‍ ഏഴുമണിക്കൂറോളം പരിശോധന നടത്തി. വിവാഹത്തിന്റെ പൂര്‍ണ കണക്ക് ഒരാഴ്ചക്കുള്ളില്‍ ഫയല്‍ ചെയ്യാമെന്ന് ബിജു രമേശ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കി. പണം ചിലവാക്കിയ ബാങ്കുകളുടെ വിവരം ആദായ നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്ന് ആദായ നികുതി വകുപ്പ് ബാങ്കുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. വിവാഹത്തിന്റെ പൂര്‍ണ ദൃശ്യം ആദായ നികുതി വകുപ്പ് പകര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് ബഡ്ജറ്റ് തയ്യാറാക്കാന്‍ വിദഗ്ധരെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ആദായ നികുതി വകുപ്പിന്റെ തുടര്‍ നടപടികള്‍.