ന്യൂഡല്‍ഹി: നാഗാലാന്റില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി വിഘടന വാദികള്‍. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന 11 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒപ്പുവെച്ച സംയുക്ത പ്രമേയം നാഗാ തീവ്രവാദ സംഘടനകള്‍ പുറത്തിറക്കി.

ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. പ്രമേയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളേയും വ്യക്തികളേയും നാഗാലാന്റ് വിരുദ്ധരായി പ്രഖ്യാപിക്കുമെന്ന് വിഘടന വാദി നേതാവ് എച്ച്.കെ സിമ്മോമി പറഞ്ഞു.

ഫെബ്രുവരി 27നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കുന്നതിനായി വിഘടന വാദികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ആദ്യ രണ്ടു ദിവസങ്ങളിലും യോഗത്തില്‍നിന്ന് വിട്ടുനിന്ന ബി.ജെ.പി മൂന്നാം ദിവസം യോഗത്തില്‍ പങ്കെടുക്കുകയും പ്രമേയത്തില്‍ ഒപ്പു വെക്കുകയുമായിരുന്നു. ഭരണ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട്(എന്‍.പി.എഫ്), മുഖ്യ പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍.ഡി.പി.പി, യു.എന്‍.ഡി.പി, എ.എ.പി, എന്‍.സി.പി, എല്‍.ജെ.പി, ജെ.ഡി.യു, എന്‍.പി.പി തുടങ്ങിയ കക്ഷികളും പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബി.ജെ.പി പിന്തുണയുള്ള നാഗാലാന്റ് ട്രൈബല്‍ കൗണ്‍സിലും പ്രമേയത്തെ പിന്തുണക്കുകയും നാഗാലാന്റ് ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ഇടക്കിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കേന്ദ്ര സര്‍ക്കാറുമായി നടക്കുന്ന സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് വിഘടന വാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയോ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യരുതെന്ന് വിഘടന വാദികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.