ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ പാര്‍ട്ടി വിട്ട് മറു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വരും ദിനങ്ങളില്‍ വര്‍ധിക്കുമെന്ന സൂചനകളുമായി മുഖ്യധാരാ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നിവര്‍ രംഗത്ത്.

ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ നിന്നുള്ള രണ്ട് ജെ.ഡി.എസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ ജെ.ഡി.എസിന്റെ ഏഴ് സിറ്റിങ് എം.എല്‍.എമാര്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. നിയമസഭയുടെ കാലാവധി കഴിയുന്നതോടെ ഇവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും വന്‍തോക്കുകളെ ചാടിക്കാന്‍ ജെ.ഡി.എസ് ശ്രമം തുടരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ വേണ്ടത്ര വിജയം കാണാനായിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്കും ബി.ജെ.പിയില്‍ നിന്നു കോണ്‍ഗ്രസിലേക്കും തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ എം.എല്‍.എമാരുടേയും നേതാക്കളുടേയും ഒഴുക്കുണ്ടാകുമെന്ന് ഇരു പാര്‍ട്ടികളും അവകാശപ്പെടുന്നുണ്ട്.

ഒരു ഡസന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഒരു മാസം മുമ്പ് ബി.ജെ.പി നേതാവ് യദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ബി.ജെ.പിയില്‍ എത്തില്ലെന്നും ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളുമായി ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര തിരിച്ചടിച്ചിരുന്നു. അതേ സമയം 5-6 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയതായാണ് ബി.ജെ.പി പറയുന്നത്. ഇതില്‍ എം.എല്‍.എമാരിലെ കോടീശ്വരനും സംസ്ഥാന ഭവന മന്ത്രിയുമായ എം കൃഷ്ണപ്പ, മകന്‍ പ്രിയ കൃഷ്ണ എന്നിവരെയാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ വൊക്കലിംഗ സമുദായ നേതാവുകൂടിയായ ഇരുവരും വാര്‍ത്തകള്‍ നിഷേധിച്ചു. ചില ബി.ജെ.പി നേതാക്കളാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നിലെന്നും തന്റെ പിതാവ് നിലവിലെ മന്ത്രിയും താന്‍ രണ്ടു തവണ എം.എല്‍.എയുമാണ് പിന്നെ എന്തിന് കോണ്‍ഗ്രസ് വിടണമെന്നായിരുന്നു പ്രിയ കൃഷ്ണയുടെ പ്രതികരണം.

അതേ സമയം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായി ഇടഞ്ഞു നില്‍ക്കുന്ന ഗുല്‍ബര്‍ഗയിലെ എം.എല്‍.എമാരായ എ.ബി മലക റെഡ്ഢി, മലികയ്യ ഗുട്ടേദാര്‍, ബാബുറാവു ചിനാസുര്‍ എന്നിവരേയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. കോണ്‍ഗ്രസാവട്ടെ ആറോളം ബി.ജെ.പി എം.എല്‍.എമാരുമായി ഇതിനോടകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിജയനഗരത്തില്‍ നിന്നുള്ള ഖനിയുടമയും മേഖലയില്‍ ഏറെ സ്വാധീനമുള്ളയാളുമായ ബി.ജെ.പി എം.എല്‍.എ ആനന്ത് സിങ് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേരത്തെ ടിപ്പു ജയന്തി ആഘോഷത്തില്‍ സിദ്ധരാമയ്യക്കൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനു പുറമെ മുംബൈ-കര്‍ണാടക മേഖലയില്‍ നിന്നും നാല്-അഞ്ച് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് ചുവടു മാറുമെന്നാണ് റിപ്പോര്‍ട്ട്. നാലിലൊന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലും ബി.ജെ.പിയിലേക്കുമായി ചേക്കേറിയതോടെ പ്രസക്തി നഷ്ടമായ ജെ.ഡി.എസ് കോ്ണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളെ തങ്ങളോടൊപ്പമെത്തിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പാര്‍ട്ടി വിട്ട് മറ്റു പാര്‍ട്ടികളിലെത്തുന്ന പതിവ് പരിപാടി ഇത്തവണയും കര്‍ണാടകയിലുണ്ടാവുമെന്ന് ഉറപ്പാണ്.