മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ വേണ്ടെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ റയലില്‍ എത്തുമെന്ന ശക്തമായ ട്രാസ്ഫര്‍ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ ക്രിസ്്റ്റിയാനോക്ക് പകരം പി.എസ്.ജി താരം നെയ്മറിനെ വേണ്ടന്ന നിലപാടിലാണ് ക്ലബ് ആരാധകര്‍. ക്രിസ്റ്റിയാനോക്ക് പകരം ആരെ വേണമെന്ന് റയല്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ആരാധകര്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്.

രണ്ടു ലക്ഷം ആരാധകര്‍ വോട്ടുചെയ്ത സര്‍വേയില്‍ 54 ശതമാനം പേരും ക്രിസ്റ്റ്യാനോക്ക് പകരക്കാരനായി നിര്‍ദേശിച്ച് ഫ്രാന്‍സ് താരം കെയ്‌ലന്‍ എംബാപെയെയാണ്. പി.എസ്.ജിയുടെ തന്നെ താരമായ എംബാപെ റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ മിന്നും പ്രകടനമാണ് പുറത്തെടുത്തത്്. അതേസമയം പതിനഞ്ച് ശതമാനം വോട്ടുനേടി ബെല്‍ജിയത്തിന്റെ ചെല്‍സി താരം ഏദന്‍ ഹസാഡ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ വെറും പതിനാലു ശതമാനും വോട്ടു നേടി മൂന്നാമതാണ് നെയ്മര്‍ ഫിനീഷ് ചെയ്തത്. ടോട്ടന്‍ഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിനെ പത്തു ശതമാനം പേര്‍ സര്‍വേയില്‍ പിന്തുണച്ചു.

 

കഴിഞ്ഞ സീസണില്‍ തന്നെ നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. അവസാന സീസണിന്റെ തുടക്കത്തില്‍ ബാര്‍സലോണ വിട്ട് റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. എന്നാല്‍ താരം പി.എസ്.ജിയില്‍ തൃപ്തനല്ലെന്ന വാര്‍ത്ത ഉണ്ടായിരുന്നു. 26കാരനായ നെയ്മര്‍ 20 മത്സരങ്ങളില്‍ നിന്നായി 19 ഗോളുകളാണ് പി.എസ്.ജിക്കായി അടിച്ചു കൂട്ടിയത്.