Connect with us

Video Stories

മലിനീകരണവും കയ്യേറ്റവും; പൂനൂര്‍ പുഴ മരിക്കുന്നു

Published

on

 

കെ.എ ഹര്‍ഷാദ്
താമരശ്ശേരി

ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഒരു പുഴകൂടി ബന്ധപ്പെട്ടവരുടെ അനാസ്ഥകൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്നു. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന മലനിരകളില്‍ നിന്നുത്ഭവിക്കുന്നതും ജില്ലയിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സുമായ പൂനൂര്‍ പുഴയാണ് കയ്യേറ്റവും മലിനീകരണവും മൂലം ഇല്ലാതാവാന്‍ പോവുന്നത്.
കട്ടിപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഏലക്കാനം മലനിരകളില്‍ നിന്നും, പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലയില്‍ നിന്നും ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ തലയാട് ചീടിക്കുഴിയില്‍ സംഗമിച്ചാണ് പൂനൂര്‍ പുഴയായി രൂപാന്തരം പ്രാപിക്കുന്നത്. പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍, കുന്ദമംഗലം, കക്കോടി ഗ്രാമപഞ്ചായത്തുകളിലൂടെയും കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലൂടെയും ഒഴുകി അകലാപുഴയുമായി ചേര്‍ന്ന് കോരപ്പുഴയായി മാറി കടലില്‍ പതിക്കുന്നു.
പുഴയുടെ ഉത്ഭവ സ്ഥലങ്ങളില്‍ മനുഷ്യവാസമില്ലാത്തതിനാല്‍ നേരിട്ട് കുടിക്കാന്‍ പറ്റുന്ന രൂപത്തില്‍ വെള്ളം ഇപ്പോഴും പരിശുദ്ധമാണെങ്കിലും മനുഷ്യവാസമുള്ളിടങ്ങളിലെത്തുമ്പോഴേക്കും പുഴയുടെ മലിനീകരണ തോത് ഉയര്‍ന്നുവരുന്നതായി കാണാം. മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതാണ് പുഴയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കൂടാതെ പുഴപുറമ്പോക്ക് ഭൂമി വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബാധം മാലിന്യമൊഴുക്കിക്കൊണ്ടിരിക്കുന്നു.
പൂനൂര്‍, കൊടുവള്ളി, കക്കോടി പോലുള്ള നിരവധി ടൗണുകളുടെ അടുത്തുകൂടി കടന്നുപോവുന്നതിനാല്‍ ഇവിടങ്ങളിലെ മുഴുവന്‍ മാലിന്യവുംപേറി ഒഴുകേണ്ട ഗതികേടിലാണ് പൂനൂര്‍ പുഴ. വിവാഹ വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളും പൂനൂര്‍ പുഴയില്‍ തള്ളുന്നതിന് ആളുകള്‍ മടികാണിക്കാറില്ല. മണലൂറ്റല്‍, അനധികൃത മത്സ്യബന്ധനം, മരംമുറി തുടങ്ങി നിരവധി പ്രശ്‌നങ്ങളും പുഴ അഭിമുഖീകരിക്കുന്നുണ്ട്.
പൂനൂരിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് മലിനജലം പുഴയിലേക്കൊഴുക്കിയത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇതേ ആസ്പത്രി ഇപ്പോള്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെ കെട്ടിടമാലിന്യങ്ങള്‍ പുഴയില്‍ തള്ളിയതിലും മതിയായ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പുഴപുറമ്പോക്ക് കയ്യേറി കെട്ടിടങ്ങളുണ്ടാക്കിയവര്‍ പിന്നീട് ചട്ടങ്ങള്‍ മറികടന്ന് കെട്ടിട നമ്പര്‍ സ്വന്തമാക്കുന്നു. വര്‍ഷകാലത്ത് പുഴകരകവിഞ്ഞൊഴുകി ഇതേ കെട്ടിടത്തില്‍ വെള്ളം കയറുമ്പോള്‍ റവന്യുവകുപ്പില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് വാങ്ങിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട അധികൃതര്‍ എപ്പോഴും ഉറക്കം നടിക്കുന്നു.
പൂനൂര്‍ പുഴ കയ്യേറ്റം തടയാന്‍ സര്‍വേ നടത്തി സ്വകാര്യ ഭൂമിയും പുഴപുറമ്പോക്കും വേര്‍തിരിക്കണമെന്ന് പരിസ്ഥിതി സ്‌നേഹികളും പുഴ സംരക്ഷണ പ്രവര്‍ത്തകരുടെയും ഏറെകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഫലപ്രദമായ ഇടപെടല്‍ ഒന്നും ഉണ്ടായിട്ടില്ല.
മാനാഞ്ചിറ കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശുദ്ധജല വിതരണ പദ്ധതിക്കുള്ള പമ്പിംഗ് നടത്തുന്നത് പൂനൂര്‍ പുഴയിലെ പൂളക്കടവ് ഭാഗത്തുനിന്നാണ്. പുഴയുടെ തുടക്കം മുതല്‍ ഒടുക്കം വരെ എണ്ണിയാലൊടുങ്ങാത്ത കുടിവെള്ള പദ്ധതികളും പൂനൂര്‍ പുഴയിലുണ്ട്. പുഴ നശിക്കുന്നതോടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാവും. സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാവും. പൂനൂര്‍ പുഴയെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
പുഴയോര നിവാസികളും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പരിസ്ഥിതി സ്‌നേഹികളും ഉള്‍പ്പെടുന്ന കൂട്ടായ്മക്ക് മാത്രമേ പ്രകൃതിയുടെ വരദാനമായ പൂനൂര്‍ പുഴയെ ഇനി പുനര്‍ജ്ജനിപ്പിക്കാനാവൂ.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending