ഫലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂസിലാന്റുകാരിയായ പ്രശസ്ത പോപ്പ് ഗായിക ലോര്‍ദെ ഇസ്രാഈലിലെ സംഗീത പരിപാടി റദ്ദാക്കി. കൗമാര പ്രായം മുതല്‍ സംഗീത രംഗത്ത് പ്രശസ്തിയാര്‍ജിച്ച 21-കാരി 2018 ജൂണിലാണ് തെല്‍ അവീവില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, സംഗീത സംഘത്തിനൊപ്പമുള്ള ഇസ്രാഈല്‍ യാത്ര റദ്ദാക്കിയതായും ഇതൊരു ശരിയായ തീരുമാനമാണെന്നും ലോര്‍ദെ പറഞ്ഞു.

‘തെല്‍ അവീവ് ടൂര്‍ പ്രഖ്യാപിച്ചതിനു ശേഷം അസംഖ്യം ആളുകളാണ് എനിക്ക് കത്തുകളും സന്ദേശങ്ങളും അയക്കുന്നത്. വിവിധ കാഴ്ചപ്പാടുള്ളവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇത്തവണ ഇസ്രാഈലിലേക്ക് പോകാതിരിക്കുന്നതാണ് ശരിയായ തീരുമാനം എന്നു ഞാന്‍ വിശ്വസിക്കുന്നു…’ ലോര്‍ദെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രാഈലിലെ സംഗീത പ്രേമികളോട് മാപ്പു ചോദിക്കുന്നതായും അവര്‍ പറഞ്ഞു.

ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്രാഈല്‍ ക്രൂരതകളില്‍ പ്രതിഷേധിക്കുന്നതിനായി രൂപീകരിച്ച ‘ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്‍സ്’ (ബി.ഡി.എസ്) പ്രസ്ഥാനത്തിന്റെ വിജയമായാണ് ലോര്‍ദെയുടെ പിന്‍മാറ്റം വിലയിരുത്തപ്പെടുന്നത്. ഇസ്രാഈലിനെ അക്കാദമികമായും സാംസ്‌കാരികമായും ബഹിഷ്‌കരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ലോകമെങ്ങും ഇസ്രാഈല്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനു വേണ്ടിയും ബി.ഡി.എസ് പ്രവര്‍ത്തിക്കുന്നു.

ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്, സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്, ഹോളിവുഡ് നടന്‍ റസല്‍ ബ്രാന്‍ഡ്, നടി മെഗ് റിയാന്‍, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി നിരവധി പേര്‍ ഇസ്രാഈലിനെതിരെ പരസ്യ നിലപാടെടുത്തവരാണ്.

ലോര്‍ദെക്ക് പിന്തുണയറിയിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നു. സ്‌കോട്ട്‌ലാന്റിലെ രാഷ്ട്രീയക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ റോസ് ഗ്രീര്‍, ഇസ്രാഈല്‍ ബഹിഷ്‌കരണ സംഘടനയായ പി.എസി.ബി.ഐ, ‘സയണിസത്തിനെതിരെ ജൂതന്മാര്‍’ തുടങ്ങി നിരവധി പേര്‍ ലോര്‍ദെക്ക് അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തു വന്നു.