തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍, അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ ജോയിയെ അറസ്റ്റു ചെയ്തു. ഈഞ്ചക്കല്‍ ഭാഗത്തിനിന്നാണു ലോറി കണ്ടെത്തിയത്. വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ നഗരത്തില്‍നിന്നു ഏറെ അകലെയല്ലാത്ത പ്രധാനപാതയില്‍ ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.

അപകടത്തില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പ്രദീപിന്റെ അമ്മയുടെ പരാതിയില്‍ പ്രതിക്കെതിരെ നേമം പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.