കൊച്ചി: ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നാളെ ദ്വീപിലേക്ക്. ഏഴുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ കവരത്തിയിലെത്തും. അഡ്മിനിസ്‌ട്രേറ്ററുടെ വരവിനോടനുബന്ധിച്ച് നാളെ ദ്വീപില്‍ കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു.

ദ്വീപിലെ ഊര്‍ജസ്വകാര്യവത്കരണം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, എന്‍.ഐ.ഒ.ടി. പ്ലാന്റുകള്‍, കവരത്തി ഹെലിബേസ് എന്നിവയില്‍ വിവിധ വകുപ്പുമേധാവികളുമായി ചര്‍ച്ച നടത്തും. കവരത്തിയിലെ ആശുപത്രി നിര്‍മാണ സ്ഥലം സന്ദര്‍ശിക്കും. അഗത്തിയില്‍നിന്ന് 20ന് തിരിച്ചുവരും.

പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നതിനാല്‍ അഗത്തിയില്‍ വിമാനമിറങ്ങി കവരത്തിയിലേക്കു മാത്രമാണ് യാത്ര. മറ്റു ദ്വീപുകള്‍ സന്ദര്‍ശിക്കുന്നില്ല.