മലപ്പുറം: പ്രസവത്തിന് പ്രകൃതി ചികിത്സക്ക് വിധേയയായ യുവതി മരിച്ചു. മഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലാണ് സംഭവം.

പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള വാട്ടര്‍ബര്‍ത്ത് (വെള്ളത്തില്‍ പ്രസവിക്കുന്ന) രീതിയിലായിരുന്നു ചികിത്സ. ഇതിനായി ഞായറാഴ്ച യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രസവത്തിനിടെ അമിത രക്തസ്രാവം ഉണ്ടാവുകയും രക്തസമ്മര്‍ദ്ദം നിലക്കുകയുമായിരുന്നു. ഇതോടെ ആസ്പത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.

യുവതിയുടെ കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിവരം ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ സംഘം ആസ്പത്രിയിലെത്തി പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു.

2016 ഒക്ടോബറില്‍ സമാനരീതിയില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു.അന്ന് ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതി ചികിത്സക്കു വിധേയമാക്കിയത്.

അന്വേഷണത്തെത്തുടര്‍ന്ന് ആസ്പത്രിയിലെ പ്രകൃതി ചികിത്സാ കേന്ദ്രം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടച്ചു പൂട്ടി.