അടുത്തിടെ ചെക്കപ്പുകള്‍ക്ക് പോവുകയോ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയോ ചെയ്ത ഗര്‍ഭിണികളില്‍ പത്തിലൊരാള്‍ക്ക് കോവിഡ് ബാധയുണ്ടാകുന്നുണ്ടെന്ന് ബര്‍മിങ്ങ്ഹാം സര്‍വകലാശാല നടത്തിയ പഠനം. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കാറില്ലെങ്കിലും ആരോഗ്യ നില പെട്ടെന്ന് വഷളാകാമെന്നതിനാല്‍ പലര്‍ക്കും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വരാറുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ മാസമെത്തും മുന്‍പെയുള്ള പ്രസവത്തിനുള്ള അപടകസാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. പനി, പേശീ വേദന തുടങ്ങി സാധാരണ കോവിഡ് രോഗ ലക്ഷണങ്ങള്‍ ഗര്‍ഭിണികളായ രോഗികള്‍ക്ക് വരാന്‍ സാധ്യത കുറവാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

സഹരോഗാവസ്ഥയുള്ളവരും പ്രായം കൂടിയവരും ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സ് ഉള്ളവരുമായ ഗര്‍ഭിണികളിലാണ് കോവിഡ് ഗുരുതരമാകുന്നത്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ മരണം പോലുള്ള സങ്കീര്‍ണതകള്‍ ഇത്തരം ഗര്‍ഭിണികളായ കോവിഡ് രോഗികളില്‍ കുറവാണ്. കോവിഡ്19 രോഗബാധയെ സംബന്ധിച്ച് മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ തുടങ്ങിയവരെ പോലെ അപകടസാധ്യത കൂടിയവരാണ് ഗര്‍ഭിണികളും.