ടെല്‍അവീവ്: മസ്ജിദുല്‍ അഖ്‌സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ടെല്‍അവീവിന് സമീപം പഠനപ്രശ്‌നങ്ങളുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ആചിയ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിയിലാണ് ഫ്രീഡ്മാന്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ജൂത ആരാധനാലയം നിര്‍മിക്കുന്നതിന് മസ്ജിദുല്‍ അഖ്‌സ തകര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രാഈലിലെ വലതുപക്ഷ സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദ ഫോട്ടോയിലൂടെ ഫ്രീഡ്മാന്‍ ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ ഉത്തരവു കിട്ടിയാല്‍ മസ്ജിദുല്‍ അഖ്‌സയും അവര്‍ തകര്‍ക്കുമെന്ന് ഫലസ്തീനികള്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഫ്രീഡ്മാന്റെ ചിത്രം വിവാദമായതില്‍ പരിപാടി ഒരുക്കിയ സന്നദ്ധ സംഘടന മാപ്പു പറഞ്ഞു. സംഘടനയില്‍പെട്ട ഒരാളുടെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് വിവാദ പോസ്റ്ററിന് കാരണമായതെന്ന് ആചിയ പറഞ്ഞു.

ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ പോസ്റ്ററിനെക്കുറിച്ച് ഫ്രീഡ്മാന്‍ ബോധവാനായിരുന്നില്ലെന്ന് ഇസ്രാഈലിലെ യു.എസ് എംബസിയും പ്രസ്താവനയില്‍ വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സയുടെ നിലവിലുള്ള സ്ഥിതിയില്‍ മാറ്റമുണ്ടാകാന്‍ പാടില്ലെന്ന് തന്നെയാണ് അമേരിക്കയുടെ നിലപാടെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശ പ്രവര്‍ത്തനങ്ങളെ ശക്തമായി ന്യായീകരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ പ്രമുഖനാണ് ഫ്രീഡ്മാന്‍. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച അമേരിക്കന്‍ മാധ്യമങ്ങളെ ഹമാസ് പക്ഷപാതികളെന്ന് വിളിച്ച് ഫ്രീഡ്മാന്‍ അധിക്ഷേപിച്ചിരുന്നു.