ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കുന്ന പ്രോക്‌സി വോട്ട് നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി വരുത്തിയ പുതിയ ബില്ല് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും. ഇതോടെ വിദേശത്തുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തം മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ സാധിക്കും.
നിലവില്‍ വോട്ടു രേഖപ്പെടുത്തണമെങ്കില്‍ പ്രവാസികള്‍ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിയമം. ഇതിനു പകരം താമസിക്കുന്ന രാജ്യത്ത് വോട്ടിങിന് അവസരം ഒരുക്കുകയോ പകരക്കാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ അവസരം നല്‍കുകയോ വേണമെന്നതുള്‍പ്പെടെ നിര്‍ദേശങ്ങളാണ് സര്‍ക്കാറിനു മുമ്പാകെ വെച്ചത്.
ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് പേപ്പറുകള്‍ ഏറ്റവുമടുത്ത എംബസികളിലോ കോണ്‍സുലേറ്റുകളിലോ എത്തിച്ച് വോട്ടു രേഖപ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റായാണ് ഇതു പരിഗണിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും വോട്ടവകാശം വിനിയോഗിക്കുന്നതിന് ചുരുക്കം പ്രവാസികള്‍ മാത്രമേ നിലവില്‍ ഇന്ത്യയിലെത്തുന്നുള്ളൂ.