തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ചാനലിനെതിരെ ജസ്റ്റിസ് പി.എസ് ആന്റണി റിപ്പോര്‍ട്ട്. ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ചാനലിന്റെ നടപടി പൊതുഖജനാവിന് നഷ്ടമുണ്ടാക്കി. ഈ സാമ്പത്തിക നഷ്ടം ചാനലില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ ചാനലും പരാതിക്കാരിയും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചാനല്‍ സി.ഇ.ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് വാല്യങ്ങളിലായി 405 പേജുകളുള്ളതാണ് ജുഡിഷ്യല്‍ റിപ്പോര്‍ട്ട്. മന്ത്രിക്കെതിരാ ഫോണ്‍ കെണിയില്‍ ഗൂഢാലോചനയുണ്ടോ, സംഭാഷണം എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പി.എസ് ആന്റണി കമ്മീഷന്‍ അന്വേഷിച്ചത്. മാധ്യമങ്ങള്‍ സാമൂഹ്യതാല്‍പ്പര്യത്തിന് വേണ്ടിയായിരിക്കണമെന്നും വാണിജ്യതാല്‍പ്പര്യത്തിനാവരുതെന്നും കമ്മീഷന്‍ പരാമര്‍ശം നടത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് നേരത്തെ വിവാദമാവുകയായിരുന്നു.

എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ശശീന്ദ്രന് ഗുണകരമാവാനാണ് സാധ്യത. കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ്ചാണ്ടി മന്ത്രി സ്ഥാനമൊഴിഞ്ഞിരുന്നു.