കോഴിക്കോട്: പി.എസ്.സി ഹയര്‍സെക്കണ്ടറി ജൂനിയര്‍ കണക്ക് അധ്യാപക പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. കഴിഞ്ഞ 27 ന് ശനിയാഴ്ച പി.എസ്.സി സംസ്ഥാന തലത്തില്‍ നടത്തിയ പരീക്ഷയിലാണ് സ്വകാര്യ പബ്ലിക്കേഷന്‍സിന്റെ ഗേറ്റ് പേപ്പേഴ്‌സ് എന്ന ഗൈഡില്‍ നിന്നാണ് ഒപ്ഷനുകളില്‍ പോലും മാറ്റമില്ലാതെ 15 ചോദ്യങ്ങളും അതേപടി പകര്‍ത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

ക്വസ്ത്യന്‍ ബുക്്‌ലെറ്റ് എ യില്‍ യഥാക്രമം ചോദ്യ നമ്പറുകള്‍ 38 (പേജ്- 6), 46, 51 (പേജ്-8), 61, 62, 67 (പേജ്- 10), 73 (പേജ്-11), 52 (പേജ്-8) 13 (പേജ്-4) എന്നിവയാണ് കടന്നു കൂടിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഇതിനു പുറമെ പാലക്കാട് ജില്ലയിലെ ഗവ. വിക്ടോറിയ കോളജിനടുത്തുള്ള പണ്ഡിറ്റ് മോത്തിലാല്‍ ഗവ. മോഡല്‍ സ്‌കൂളിലെ രണ്ട് പരീക്ഷാ ഹാളുകളില്‍ വിതരണം ചെയ്ത ചോദ്യ പേപ്പറുകളിലെ സീല്‍ വിതരണം ചെയ്ത സമയത്ത് തന്നെ ചിലത പൊട്ടിച്ചതായി ശ്രദ്ധയിപ്പെട്ടുവെന്നും പരീക്ഷാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇക്കാര്യം പി.എസ്.സിക്ക് രേഖാമൂലം പരാതിയായി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

പി.എസ്.സിയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പരീക്ഷ റദ്ദ് ചെയ്ത് പരാതി രഹിതമായി മാതൃകാപരമായ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഗവര്‍ണര്‍, വിദ്യാഭ്യാസ മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടികള്‍ പി.എസ്.സിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ നിയമപരമായും പ്രക്ഷോഭ പരിപാടികളുമായും ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടു പോകുമെന്ന് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ നൂഹ്് ചേളന്നൂര്‍, മുഹമ്മദ് ഷഫീഖ് കെ.പി മലപ്പുറം, തസ്്‌ലീന മലപ്പുറം, ജിജി മോള്‍, ജസ്‌ന തുടങ്ങിയവര്‍ സംബന്ധിച്ചു.