പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ താരനിബിഢമായ ബാഴ്‌സലോണക്ക് നാണക്കേടിന്റെ ദിനം സമ്മാനിച്ച് പാരീസ് സെന്റ് ജര്‍മെയ്ന്‍. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനഫിക ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ടീമായ ബറൂഷ്യ ഡോട്മണ്ടിനെ അട്ടിമറിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പി.എസ്.ജി ബാഴ്‌സയെ നാണം കെടുത്തിയത്. പ്രമുഖ താരങ്ങള്‍ പരിക്കു മൂലം കളത്തിനു പുറത്തായിട്ടും സ്വപ്‌ന തുല്യമായ പ്രകടനമാണ് പി.എസ്.ജി കാഴ്ച വെച്ചത്.

29-ാം ജന്മദിനത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും 30-ാം ജന്മദിനത്തില്‍ എഡിസന്‍ കവാനിയും ഗോളുമായി ആഘോഷിച്ചപ്പോള്‍ കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാനാവാതെ മെസ്സിയും നെയ്മറും ഇനിയസ്റ്റയും നിറം മങ്ങി. നെയ്മര്‍ മാത്രമാണ് ബാഴ്‌സക്കായി അല്‍പമെങ്കിലും കളിച്ചത്. വിജയത്തോടെ തുടര്‍ച്ചയായി അഞ്ചാം സീസണിലും ക്വാര്‍ട്ടര്‍ ബെര്‍ത്തെന്ന നേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് പി.എസ്.ജി. അതേ സമയം 2007ല്‍ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനോട് തോറ്റു പുറത്തായതിനു ശേഷം ക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കാതെ പുറത്താകല്‍ ഭീഷണിയിലാണ് ബാഴ്‌സ.

ഇനി സ്വന്തം തട്ടകത്ത് പി.എസ്.ജിയുടെ നാലു ഗോളുകള്‍ മറികടന്നൊരു ജയം ബാഴ്‌സയെ സംബന്ധിച്ചേടത്തോളം നിലവിലെ സാഹചര്യത്തില്‍ ഏറെക്കുറെ അസാധ്യമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാലു ഗോളിന് ആദ്യ പാദത്തില്‍ തോറ്റതിനു ശേഷം ഒരു ടീമും ഇതുവരെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയിട്ടില്ല. 2013ല്‍ യുവേഫ സെമി ഫൈനലില്‍ ബയേണിനോട് ഇരുപാദങ്ങളിലായി 7-0ന് തോറ്റതിനു ശേഷം സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണിത്. തോല്‍വിക്ക് ന്യായം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അവര്‍ ഞങ്ങളെക്കാളും ബഹുദൂരം മുന്നിലായിരുന്നു.

മത്സര ശേഷം ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ പറഞ്ഞു. ഡ്രാക്‌സലറെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ഗോളാക്കി മാറ്റി എയ്ഞ്ചല്‍ ഡി മരിയ 18-ാം മിനിറ്റില്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വന്ന ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ട് പ്രത്യാക്രമണത്തിനൊടുവില്‍ ഡ്രാക്‌സലര്‍ പി.എസ്.ജിയുടെ രണ്ടാം ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോളടിക്കാനായെന്നത് 23കാരനായ ജൂലിയന്‍ ഡ്രാക്‌സന് ഇരട്ടിമധുരവുമായി. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിന് പിന്നിട്ടു നിന്നതോടെ ഏറെക്കുറെ കളിയില്‍ മേധാവിത്വം നഷ്ടമായ ബാഴ്‌സക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും പ്രഹരം ലഭിച്ചു.

54-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ തന്റെ രണ്ടാം ഗോളും ഒപ്പം പി.എസ്.ജിയുടെ മൂന്നാം ഗോളും സ്വന്തമാക്കി. 71-ാം മിനിറ്റില്‍ എഡിസണ്‍ കവാനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്‌സയ്ക്ക് കാര്യമായ മറുപടിയൊന്നുമുണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ ആന്ദ്രേ ഗോമസിനു ലഭിച്ച അവസരവും രണ്ടാം പകുതിയില്‍ ഉമിറ്റിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും മാത്രമാണ് മത്സരത്തില്‍ ബാഴ്‌സക്കു എടുത്തു പറയാന്‍ പറ്റിയ നീക്കങ്ങള്‍.

ഇതിലും നല്ലൊരു സായാഹ്നം ഇനി പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു മത്സര ശേഷം പി.എസ്.ജി താരം എയ്ഞ്ചല്‍ ഡി മരിയയുടെ പ്രതികരണം. പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ജര്‍മ്മന്‍ വമ്പന്‍മാരായ ബറൂഷ്യ ഡോട്മണ്ടിന് പോര്‍ച്ചുഗീസ് ടീമായ ബെനഫികക്കു മുന്നില്‍ കാലിടറി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ബറൂഷ്യക്കെതിരെ മികച്ച പ്രകടനമാണ് ബെനഫിക നടത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനിറ്റിനകമായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

ഗ്രീക് താരം കോണ്‍സ്റ്റാന്റിനസ് മിത്രോഗ്ലുവാണ് ബെനഫിക്കക്ക് നിര്‍ണായകമായ വിജയം സമ്മാനിച്ചത്. എന്നാല്‍ സമനിലക്കായി ലഭിച്ച മികച്ച അവസരം ബറൂഷ്യ പാഴാക്കുകയായിരുന്നു. 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ അബമെയാങ് പോസ്റ്റിലേക്കു തൊടുത്തെങ്കിലും ബെനഫികയുടെ ബ്രസീലുകാരനായ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കീഴടക്കാനായില്ല. ബറൂഷ്യയുടെ എണ്ണം പറഞ്ഞ നിരവധി അവസരങ്ങള്‍ക്ക് തടയിട്ട എഡേഴ്‌സണോടാണ് മത്സര വിജയത്തിന് ബെനഫിക്ക നന്ദി പറയേണ്ടത്.