ഫ്രഞ്ച് ലീഗില്‍ ഈ സീസണില്‍ പിഎസ്ജിക്ക് ആദ്യ തോല്‍വി. റെന്നസിനെതിരെയാണ് രണ്ടു ഗോളിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യപകുതി അവസാനിക്കാനിരിക്കെ ലബോര്‍ഡയിലൂടെയാണ് റെന്നസ് മുന്നിലെത്തിയത്. രണ്ടാംപകുതിയില്‍ ഫ്‌ളാവിയന്‍ ടെയ്റ്റിന്റെ ഗോളോടെ പിഎസ്ജിക്ക് രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

മെസിയും നെയ്മറും എംബാപ്പെയും മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് പിഎസ്ജിയെ തോല്‍വിയിലേക്ക് നയിച്ചത്. മെസിയുടെ ഒരു ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി. എംബാപ്പെയുടെ ഒരു ഗോള്‍ ഓഫ്‌സൈഡായി പോയി. നെയ്മര്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തി. ആകയാല്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് എത്തിക്കുന്നതില്‍ പിഎസ്ജി പരാജയപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്ജി റെന്നസിനെതിരെ ഇറങ്ങിയത്. എന്നാല്‍ റെന്നസിന്റെ മൈതാനത്തു വച്ച് പിഎസ്ജിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. പിഎസ്ജിയുടെ സീസണിലെ വിജയക്കുതിപ്പിന് കൂടിയാണ് ഇതോടെ അവസാനമായത്.