കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍. താന്‍ ഫോണ്‍ കൈമാറിയോയെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ആലുവയിലെ വി.ഐ.പി പറയട്ടെയെന്നാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. കഥയുടെ പകുതിയായുള്ളൂവെന്നും ബാക്കി ആലുവയിലെ വി.ഐ.പി പറയട്ടെയെന്നും സുനി പറഞ്ഞു. അതേസമയം, പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി. ആഗസ്ത് ഒന്നു വരെയാണ് സുനിലിന്റെ റിമാന്റ് നീട്ടിയത്.
അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ പൊലീസ് അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചു. ദിലീപിന് ജയിലില്‍ നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു.