കൊച്ചി: കുടുംബവഴക്കിനിടെ അച്ഛന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ മരിച്ചു.

ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി ബിനുവാണ് മരിച്ചത്. പിതാവ് അച്ചന്‍കുഞ്ഞുമായുള്ള വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബിനുവിന് വെടിയേറ്റത്.

ബിനുവിന്റെ ഇളയസഹോദര ഭാര്യയുമായി പിതാവ് നിരന്തരം കലഹിക്കുമായിരുന്നു. മദ്യപിച്ചെത്തിയ അച്ചന്‍കുഞ്ഞ് കഴിഞ്ഞ ദിവസം ഇവരുമായി വീണ്ടും തര്‍ക്കിച്ചതോടെ ബിനു പ്രശ്‌നത്തില്‍ ഇടപ്പെട്ടു.

തുടര്‍ന്ന് കുപിതനായ അച്ചന്‍കുഞ്ഞ് വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് ബിനുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്കാണിതെന്ന് പൊലീസ് പറഞ്ഞു.