കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനത്തിനിരയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതീവ രഹസ്യമായാണ് ഈ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ കസ്്റ്റഡിയിലെടുത്തു. കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരാണ് പിടിയിലായത്. പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഈ നടിക്കു നേരെയും ആക്രമണമുണ്ടായത്.
2011ല്‍ സിനിമസെറ്റില്‍ നിന്ന് നടിയെ തട്ടികൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ സുനിയുടെ നിര്‍ദേശപ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി.
ഈ കേസുമായി ബന്ധപ്പെട്ട് സുനില്‍കുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ വിദഗ്ധമായ ചോദ്യം ചെയ്യലിനാണ് സുനിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതിനിടെ,സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതീഷ്ചാക്കോയുടെ അഭിഭാഷകനു ഹാജരാകാന്‍ സാധിക്കാത്തതിനാല്‍ ഇന്നലെ ജാമ്യാപേക്ഷ മാറ്റിയിരുന്നു.