ഛണ്ഡിഗഡ്: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് പഞ്ചാബ്. ഗോദയുയര്‍ന്നതോടെ റാലികളും കര്‍ഷക യാത്രകളുമൊക്കെയായി വിവിധ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിച്ചു തുടങ്ങി. കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ച മുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, സിക്ക് കൂട്ടക്കൊല വരെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാണ്.

ത്രികോണ മത്സരമാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. കന്നിയങ്കക്കാരായ അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി കറുത്ത കുതിരയാവുമെന്നുറപ്പായിക്കഴിഞ്ഞു. വിവിധ സര്‍വേകള്‍ പറയുന്നതും കന്നിയങ്കക്കാരായ ആപ്പ് വന്‍മുന്നേറ്റം നടത്തുമെന്ന് തന്നെ. ഇന്ത്യ ടുഡേ ആക്‌സസ്് സര്‍വേ കോണ്‍ഗ്രസ് മുന്നേറ്റം വ്യക്തമാക്കുമ്പോള്‍, സി വോട്ടര്‍ ആപ്പ് സംസ്ഥാനം തൂത്തുവാരുമെന്നാണ് പ്രവചിക്കുന്നത്. അകാലിദള്‍- ബിജെപി സഖ്യം ബഹുദൂരം പിന്നിലാണ്.

117 അംഗ പഞ്ചാബ് നിയമസഭയില്‍ ആപ്പ് 94-100 സീറ്റുകള്‍ വരെ നേടാമെന്നു സിവോട്ടര്‍- ഹഫിങ്ടണ്‍ പോസ്റ്റ് സര്‍വേ പറയുന്നു. കെജ്രിവാളിന്റെ കര്‍ഷക റാലികള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനം നേടിയതായി കണ്ടെത്തിയ സര്‍വേ പ്രതിപക്ഷമായ കോണ്‍ഗ്രസ് 8-14 സീറ്റുകളിലൊതുങ്ങുമെന്നും ഭരണകക്ഷിയായ അകാലിദള്‍- ബിജെപി 6-12 നേടുമെന്നാണ് പറയുന്നത്. വിഡിപിഎ അസോസിയേറ്റ്‌സിന്റെയും പ്രവചനം ഇതുതന്നെ.

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നാണ് ഇന്ത്യ-ടുഡേ ആക്‌സസ് അഭിപ്രായ വോട്ടെടുപ്പ് പ്രവചനം. അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കനത്ത പ്രചരണം നടത്തുന്ന പാര്‍ട്ടി 49-55 സീറ്റുകള്‍ നേടുമെന്നും പറയുന്നു. എന്നാല്‍ ഭരണത്തിലേറാന്‍ നവ്‌ജോത് സിദ്ദുവിന്റെ അവാസെ പഞ്ചാബിന്റെ പിന്തുണയും പാര്‍ട്ടിക്ക് വേണ്ടിവരും. സിദ്ദുവിന്റെ പാര്‍ട്ടിക്ക് മൂന്നു സീറ്റുകള്‍ വരെ ലഭിക്കാം. ആംആദ്മി പാര്‍ട്ടി 42-46 സീറ്റുകള്‍ നേടി പ്രതിപക്ഷമാകും.

കോണ്‍ഗ്രസ് 33 ശതമാനം വോട്ടുകളും ആപ്പ് 30 ശതമാനം വോട്ടുകളും നേടും. ഭരണ വിരുദ്ധ തരംഗം നേരിടുന്ന ബിജെപി 17-21 സീറ്റുകള്‍ നേടി വളരെ പിന്നിലാണ്.