ദോഹ: തീവ്രവാദ ബന്ധവുമായുള്ള പതിനൊന്ന് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. യുഎസ് ട്രഷറി വകുപ്പിലെ വിദേശ സ്വത്ത് നിയന്ത്ര ഓഫീസിന്റെ സഹകരണത്തോടെയാണ് നിരോധനം. ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ഇസ്‌ലാമിക് സ്റ്റേറ്റ്, അറേബ്യന്‍ ഉപദ്വീപിലെ അല്‍ ഖെയ്ദ തുടങ്ങിയവയുടെ നേതാക്കള്‍, ധനസഹായം നല്‍കുന്നവര്‍, മറ്റ് സൗകര്യം ചെയ്യുന്നവര്‍ എന്നിവരാണ് നിരോധിത പട്ടികയിലുള്ളത്. ഖത്തറിന്റെ നിരോധന പട്ടികയിലുള്ള എല്ലാവരും യമന്‍ പൗരന്മാരും സ്ഥാപനങ്ങളുമാണ്. ആദില്‍ അബ്ദു ഫാരി ഉസ്മാന്‍ അല്‍ സുബ്ഹാനി, റള്‌വാന്‍ മുഹമ്മദ് ഹുസൈന്‍ അലി ഖനാന്‍, ഖാലിദ് അല്‍ മര്‍ഫദി, സെയ്ഫ് അബ്ദുര്‍റബ് സലീം അല്‍ ഹയാശി, അബു സുലൈമാന്‍ അല്‍ അദാനി, നശ്‌വാന്‍ അല്‍ വാലി അല്‍ യാഫിഇ, ഖാലിദ് സെയ്ദ് ഗാബിശ് അല്‍ വാഫി, ബിലാല്‍ അലി മുഹമ്മദ് അല്‍ വാഫി, നായിഫ് അല്‍ ഖെയ്‌സ്, അബ്ദുല്ല വഹാബ അള്‍ ഹുമൈഖാനി, ഹാശിം മുഹ്‌സിന്‍ ഐദറൂസ് അല്‍ ഹാമിദ് എന്നിവര്‍ക്കെതിരെയും റഹ്മ ചാരിറ്റബ്ള്‍, അള്‍ ഖൈര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് ഉപരോധം.

സ്വത്ത് മരവിപ്പിക്കല്‍, യാത്രാ നിരോധം ഉള്‍പ്പടെയുള്ള ഉപരോധങ്ങളാണ് 2017ലെ പതിനൊന്നാം നമ്പര്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപ്പാക്കുന്നത്. പ്രധാന തീവ്രവാദികള്‍ക്കും അവര്‍ക്കും സഹായം നല്‍കുന്നവര്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ്, ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ജറ്റിംഗ് സെന്ററി (ടിഎഫ്ടിസി) എന്നിവയുമായി ചേര്‍ന്ന് സംയുക്ത ഉപരോധമാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, യുഎഇ രാജ്യങ്ങളാണ് ടിഎഫ്ടിസിയിലുള്ളത്. സംയോജിത പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറല്‍, തീവ്രവാദ ധനസഹായ ശൃംഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അംഗരാജ്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ദേശ സുരക്ഷക്ക് വെല്ലുവിളിയാകുന്ന മറ്റ് അനുബന്ധ നടപടികളെ തകര്‍ക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ടിഎഫ്ടിസി പ്രവര്‍ത്തിക്കുന്നത്.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെ കീഴ്‌പ്പെടുത്താന്‍ ആവശ്യമായ നടപടികളെല്ലാം ഖത്തര്‍ സ്വീകരിക്കുന്നുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെ നിരോധനം ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയ തീവ്രവാദവിരുദ്ധ സമിതി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ അന്‍സാരി അറിയിച്ചു.
തീവ്രവാദവിരുദ്ധ നിയമം ഖത്തര്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. തീവ്രവാദത്തെയും ധനസഹായത്തെയും നിര്‍വചിക്കുന്ന പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.