സംഘ്പരിവാറിനെതിരെ പരിഹാസവുമായി ഗാനരചയിതാവ് റഫീഖ് അഹമ്മദ് രംഗത്ത്. തിയ്യേറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിനെ സംഘ്പരിവാര്‍ ശക്തികള്‍ കമാലുദ്ദീന്‍ എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് റഫീഖ് അഹമ്മദിന്റെ പരിഹാസം.

ചിറയിന്‍കീഴ് അബ്ദുല്‍ഖാദറെ എന്ന് വിളിക്കപ്പെടും മുമ്പ് പ്രേംനസീര്‍ പോയത് നന്നായി. ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെയായി അഭിനയിച്ച ഒരു ദേഹമല്ലിയോയെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനവിവാദവുമായി ബന്ധപ്പെട്ടാണ് സംഘ്പരിവാര്‍ കമലിനെതിരെ തിരിഞ്ഞത്. കമലിനെ കമാലുദ്ദീനാക്കിയും രാജ്യദ്രോഹിയുമൊക്കെയാക്കിയായിരുന്നു മുദ്രാവാക്യം ഉയര്‍ന്നിരുന്നത്. ദേശീയഗാനത്തെ കമല്‍ അപമാനിച്ചുവെന്നായിരുന്നു സംഘ്പരിവാര്‍ ആരോപണം. കൊടുങ്ങല്ലൂരിലെ കമലിന്റെ വീട്ടിലേക്കും സംഘ്പരിവാര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മിണ്ടാത്തവരാണ് സിനിമയില്‍ അധികമെന്ന് പറഞ്ഞ് കമലും രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ പരിഹാസവുമായി റഫീദ് അഹമ്മദ് എത്തിയിരിക്കുന്നത്.