തിരുവനന്തപുരം: പിണറായി വിജയന്റെ പോലീസ് നടപടികള്‍ക്കെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും. പാര്‍ട്ടി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പിണറായിക്കെതിരെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി വിജയനെതിരേയും പോലീസിനെതിരേയും രൂക്ഷവിമര്‍ശനവുമായി ആനത്തലവട്ടം എത്തിയിരിക്കുന്നത്.

തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതാണ് പാര്‍ട്ടിയുടെ നയം. അത് പിണറായി വിജയന്റെ കൂടി നയമാണ്. പാര്‍ട്ടി കല്‍പ്പിക്കുന്ന ജോലി ചെയ്യാനാണ് പിണറായിയെ മുഖ്യമന്ത്രിയായി നിയമിച്ചിരിക്കുന്നത്. അല്ലാതെ പിണറായി പറയുന്നത് പാര്‍ട്ടി ഏറ്റെടുക്കലല്ല. പാര്‍ട്ടിയുടെ നിലപാട് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും അതില്‍ നിന്ന് വ്യതിചലിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ആനത്തലവട്ടം പറയുന്നു. ബെഹ്‌റയുടെ നിലപാടുകളോട് വിയോജിപ്പുണ്ടെന്നും കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനത്തെ അപമാനിച്ച ബിജെപിക്കാര്‍ക്കെതിരെ ബെഹ്‌റ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ആനത്തലവട്ടം ചോദിക്കുന്നു.

കഴിഞ്ഞ ദിവസം കോടിയേരിയും എംഎ ബേബിയും പിണറായിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസിന്റെ നടപടികള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തുകയായിരുന്നു. കോഴിക്കോട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ അറസ്റ്റുചെയ്ത സംഭവത്തിലും എഴുത്തുകാരനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിലും വിമര്‍ശനം ശക്തമായിരുന്നു. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇരുവരേയും പോലീസ് വെറുതെ വിടുകയായിരുന്നു.