ആം ആദ്മി ടിക്കറ്റില്‍ രാജ്യസഭയിലേക്കു മത്സരിക്കാനുള്ള വാഗ്ദാനം തള്ളി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. അക്കാദമിക് വിഷയങ്ങളില്‍നിന്നും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപന ജോലിയില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായി വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രഘുറാം രാജന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡല്‍ഹി നിയമസഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷമുള്ളതിനാല്‍ മൂന്നു സീറ്റുകളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ എളുപ്പം വിജയിപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഇതില്‍ ഒരു സീറ്റിലേക്കായിരുന്നു പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ രഘുറാം രാജനെ പരിഗണിച്ചത്. എന്നാല്‍ നിലവില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രഘുറാം രാജന്‍ തന്നെ അറിയിക്കുകയായിരുന്നു.