X

ഇന്ത്യയുടെ ശബ്ദം

എന്‍.സി ജംഷീറലി ഹുദവി

അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഹീനമായ രാഷ്ട്രീയ പകപോക്കലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്കും രാജ്യം സാക്ഷിയായി. 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഉന്നയിച്ച ചോദ്യമാണ് കേസിനാധാരം. കോടതി വിധി വന്നയുടന്‍ പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് അയോഗ്യതാനടപടികളിലേക്ക് കടന്നതിന് നിയമപരമായ പിന്‍ബലമുണ്ടെങ്കിലും നടപടിക്കുപിന്നിലെ ചേതോവികാരം മറ്റൊന്നാണ്. തങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന, വിമര്‍ശിക്കുന്ന ഒരാളെ ഇല്ലായ്മ ചെയ്യാന്‍ ബി.ജെ.പി നടപ്പിലാക്കുന്ന പകപോക്കലിന്റെ രാഷ്ട്രീയം. രാഹുലിനെ അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കത്തിന്റെ പരമപ്രധാന കാരണം കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ രാഹുല്‍ നടത്തിയ പ്രഭാഷണമാണ്. ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ നയങ്ങളെ തുറന്നുകാണിച്ച പ്രസംഗം രാജ്യാന്തര തലത്തില്‍ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.

കാംബ്രിഡ്ജ് പ്രസംഗവും
സ്വീഡിഷ് ഡാറ്റയും

ഫെബ്രുവരി 28 നാണ് കാംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ഥികളുമായി രാഹുല്‍ സംവദിക്കുന്നത്. ‘Learning to Listen in the 21st Century’ എന്ന പേരില്‍ രാഹുല്‍ നടത്തിയ ലക്ചറിംഗിന്റെ ആദ്യ ഭാഗത്ത് തന്നെ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ അതിനിശിത വിമര്‍ശനമുയര്‍ത്തി. ഇന്ത്യയില്‍ പാര്‍ലമെന്റിനകത്തെ ജനാധിപത്യപ്രക്രിയ പോലും ഭീഷണി നേരിടുന്നുവെന്നായിരുന്നു വിമര്‍ശനം. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പ്രഭാഷണത്തില്‍ വ്യത്യസ്ത വിഷയങ്ങളാണ് പ്രതിപാദ്യങ്ങളായത്. പക്ഷേ, സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ആഗോള മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചു. മാപ്പു പറയണമെന്നായി. പറയില്ലെന്ന് രാഹുലും. തനിക്കെതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം പാര്‍ലമെന്റില്‍ മറുപടി പറയാമെന്ന് രാഹുല്‍ സഭാ തലവന് കത്തു നല്‍കിയിട്ടും അനുവദിച്ചില്ല. രാഹുല്‍ മാപ്പ് പറയണമെന്ന വാദത്തില്‍ ബി.ജെ.പി ഉറച്ചുനിന്നു.

രാഹുല്‍ ഉന്നയിച്ച കാര്യങ്ങളിലെ തെറ്റും ശരിയും പറയേണ്ടത് സര്‍ക്കാറല്ല. ജനങ്ങളാണ്. ഈയടുത്തായി സ്വീഡന്‍ യൂനിവേഴ്‌സിറ്റി ഢഉലാ ഡാറ്റ അന്താരാഷ്ട്ര മാധ്യമങ്ങള്‍ എടുത്തുദ്ധരിച്ചിരുന്നു. 2014 മുതല്‍ 2023 വരെയുള്ള 9 വര്‍ഷങ്ങളില്‍ ഇന്ത്യ അഭിമുഖീകരിച്ചത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളെയാണെന്ന് ഢഉലാ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മീഡിയകള്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ എടുത്തുപറയുന്നു. 2014 നും 2022 നുമിടക്ക് ജനാധിപത്യ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനും ബ്രസീലിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഈ യാഥാര്‍ഥ്യം തന്നെയാണ് രാഹുലും പ്രസംഗിച്ചത്. ഒരു ബാരോമീറ്ററും ആവശ്യമില്ലാതെ ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധത അത്രമേല്‍ അസഹനീയമാണെന്ന് മനസിലാക്കിയ ഏതൊരു ഇന്ത്യന്‍ പൗരന്റെയും പോലെ രാഹുലും പ്രതികരിച്ചു. ആ പ്രതികരണം പ്രതികാരത്തിലേക്ക് നയിച്ചു. അതിനൊരു പിടിവള്ളിയായി മോദി കേസ്.

അപകീര്‍ത്തിയും ഫാഷിസ്റ്റ്
റിസര്‍വേഷനും

മോദി എന്ന് പേരുള്ള എല്ലാവരേയും അവമതിക്കുന്നതായി രാഹുലിന്റെ പരാമര്‍ശമെന്നാണ് സൂറത് കോടതിയിലെ പരാതിക്കാരനും ബി.ജെ.പി എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയുടെ ആരോപണം. ഒ.ബി.സി വിരുദ്ധ പരാമര്‍ശമെന്ന പേരില്‍ ബി.ജെ.പി അതേറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യം പ്രസക്തമാണ് ‘നീരവിനും ലളിത് മോദിക്കും നരേന്ദ്ര മോദിക്കുമെതിരെ ഉന്നയിച്ച ചോദ്യമെങ്ങനെയാണ് സാമുദായിക വിരുദ്ധമാകുന്നത്?. ആ ചോദ്യം തന്നെയാണ് രാജ്യത്തെ ഓരോ പൗരനും ചോദിക്കുന്നത്. മാധ്യമങ്ങളില്‍ സാമുദായിക വിരുദ്ധതയും മത തീവ്രവാദവും ഛര്‍ദ്ദിച്ച ഫാഷിസ്റ്റ് നേതാക്കന്മാര്‍ പലരുണ്ട്. അവര്‍ക്കെല്ലാം സംരക്ഷണമൊരുക്കുന്ന സര്‍ക്കാറിനോടാണ് ചോദ്യം ‘രാഹുല്‍ തെറ്റുകാരനും മറ്റുള്ളവര്‍ ശരിയുമാകുന്നത് എങ്ങനെയാണ്?. വിഷം തുപ്പിയ പലരും യോഗ്യരാകുമ്പോള്‍ സത്യം പറഞ്ഞ രാഹുല്‍ അയോഗ്യനാകുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ പ്രഖ്യാപിക്കപ്പെട്ടയുടന്‍ അമിത്ഷാ നടത്തിയ പരാമര്‍ശം ആരും മറന്നുകാണില്ല. ‘രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കാന്‍’ എന്നായിരുന്നു അമിത്ഷാ പ്രസംഗിച്ചത്. ‘വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാന്‍ പറ്റാതായിരിക്കുന്നു’ എന്നും അമിത്ഷാ അന്ന് പ്രസംഗിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോണ്‍ഗ്രസിനെ അവഗണിച്ച കമ്മീഷന്‍ ഷാക്ക് ക്ലീന്‍ചീറ്റ് നല്‍കുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്‌ലിംകളാണെന്നായിരുന്നു ബി.ജെ.പി എം.പിയുടെ പ്രസ്താവന. നാല് ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് ജനസംഖ്യ പെരുകുന്നതിന് കാരണക്കാരെന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു നടപടിയുമുണ്ടായില്ല. കോവിഡ് മഹാമാരിയില്‍ പതറാതെ ഒന്നിച്ച്‌നിന്ന കേരളത്തിനെതിരെ വിഷം തുപ്പിയ കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്ത് ലാജെ അന്നു പറഞ്ഞതൊന്നും മലയാളി മറന്നു കാണില്ല. ഒരു സംസ്ഥാനത്തെ ജനങ്ങളെയൊന്നാകെ അടച്ചാക്ഷേപിച്ച ശോഭ കരന്ത് ലാജെക്കെതിരെയും നടപടിയുണ്ടായില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം. പിയുമായ നളിന്‍കുമാര്‍ കട്ടില്‍ പറഞ്ഞത് സാമുദായിക വിരുദ്ധതയായിരുന്നു. ‘മത്സരം ടിപ്പുവും സവര്‍ക്കറും തമ്മില്‍, ടിപ്പുവിന്റെ ആളുകളെ കൊല്ലണ’മെന്ന് വിളിച്ച് പറഞ്ഞയാള്‍ ഇന്നും ‘നിരപരാധി’യാണ്. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് താക്കൂര്‍ നടത്തിയ ക്രൈസ്തവ വിരുദ്ധ പരാമര്‍ശം അതിതീവ്രമായിരുന്നു. ഹിന്ദുക്കള്‍ കത്തി മൂര്‍ച്ചകൂട്ടിവെക്കണമെന്നായിരുന്നു ആഹ്വാനം. മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന പരാമര്‍ശത്തിന്റെ കൂടെ വെച്ച ‘കത്തി’യെ ആരും കണ്ടില്ല.
ബെംഗളൂരു സൗത്ത് മണ്ഡലം എം.പിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞ വെറുപ്പിന്റെ വാക്കുകള്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല. കോവിഡ് ബാധിതര്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് തേജസ്വി രോഗികളുടെ മതം തിരഞ്ഞത്. കലാപത്തിന് ആഹ്വാനം ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് തെറ്റാണ്. പക്ഷേ, ബി.ജെ.പി പൊതുപരിപാടിയിലാണ് പ്രവര്‍ത്തകരെ കൊണ്ട് ഒരു സമുദായത്തിനെതിരെ ബി. ജെ.പി എം.പി പര്‍വേശ് സിങ് വര്‍മ എം. പി പ്രതിജ്ഞയെടുപ്പിച്ചത്. മുസ്‌ലിംകളുടെ കടയില്‍ പോകില്ലെന്നും ജോലി നല്‍കില്ലെന്നുമായിരുന്നു പ്രതിജ്ഞ.
വ്യത്യസ്ത സമുദായങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാക്കന്മാര്‍ നടത്തിയ തീവ്ര പരാമര്‍ശങ്ങളില്‍ ചിലത് മാത്രമാണിതെല്ലാം. രാഹുലിന്റെ പരാമര്‍ശത്തില്‍ ‘സമുദായത്തിന് വേദനിച്ചേ’ എന്ന് തിടുക്കം കൂട്ടുന്നവര്‍ക്ക് ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ മുകളിലെ പേരുകളും അഴിക്കുള്ളിലും അയോഗ്യരുമായേനെ. അതുണ്ടായില്ല, രാഹുല്‍ അവരുടെ ശത്രുവാണ്, അയാള്‍ ശബ്ദിക്കുന്നത് നിറം മങ്ങിയ ഇന്ത്യക്ക് വേണ്ടിയും.

വിമര്‍ശിക്കുന്നവന്‍ രാജ്യദ്രോഹി

കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴൊക്കെയും രാഹുല്‍ രാജ്യദ്രോഹിയാകാറുണ്ട്. ചോദ്യം ചെയ്യുന്നവരുടെ വായ് മൂടിക്കെട്ടാന്‍ ബി.ജെ.പി എടുത്തുപയോഗിക്കുന്ന അസ്ത്രം, രാജ്യദ്രോഹം. ഇന്ത്യയുടെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ. വി വിശ്വാനന്ദന്‍ ഈ ‘രാജ്യദ്രോഹ നിലപാടിനെതിരെ’ എഴുതിയിരുന്നു. നൂറ്റാണ്ടു മുമ്പ് വിറ്റ്‌നി വി. കാലിഫോര്‍ണിയ കേസില്‍ ജസ്റ്റിസ് ലൂയിസ് ബ്രാന്‍ഡിസ് നടത്തിയ വിധിന്യായം ശ്രദ്ധേയമാണെന്ന് എടുത്ത്പറഞ്ഞ് അദ്ദേഹമെഴുതി: ‘സ്വാതന്ത്ര്യം നേടി തന്നവര്‍ വിശ്വസിച്ചത് ഈ മണ്ണിലെന്നും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും നിലനില്‍ക്കുമെന്നാണ്. വിമര്‍ശനം, അത് ഉത്തരവാദിത്വമാണ്. ഒരു രാജ്യത്ത് ജനങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം’. ആ ഉത്തരവാദിത്വമാണ് രാഹുല്‍ ഗാന്ധിയും നിര്‍വഹിച്ചത്. ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്നു, പോരാടുന്നു. അത് തന്നെയാണ് ഫാഷിസ്റ്റുകള്‍ ആ മനുഷ്യനില്‍ കാണുന്ന അയോഗ്യതയും.

രാജ്യത്തിന് വേണ്ടി
സംസാരിക്കാം

ജര്‍മന്‍ പുരോഹിതന്‍ മാര്‍ട്ടിന്‍ നെയ്‌ലറിന്റെ വാക്ക് ഇന്നത്തെ ഇന്ത്യയിലെ ജനങ്ങളോട് ഉറക്കെ പറയണം. ജര്‍മനിയിലെ നാസി ഗവണ്‍മെന്റിന്റെ നടപടികളെ ചോദ്യംചെയ്യാന്‍ മടിച്ച ഒരു കൂട്ടമാളുകളോടാണ് നെയ്‌ലര്‍ സംവദിച്ചത് ‘ആദ്യമവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല… പിന്നെ അവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ തേടിവന്നു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഞാന്‍ അങ്ങനെ ഒരാളായിരുന്നില്ല. പിന്നെ അവര്‍ ജൂതരെ തേടിവന്നു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല. ശേഷമവര്‍ എന്നെത്തേടി വന്നു. അന്നേരം എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

webdesk11: